കൊച്ചി മെട്രോ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വിസ് മഹാരാജാസ് ഗ്രൗണ്ടു വരെ നീട്ടുന്നു
കൊച്ചി മെട്രോ സര്‍വിസ് മഹാരാജാസ് ഗ്രൗണ്ടിലേക്ക് നീട്ടുന്നതിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ മൂന്നിന് നടക്കും. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വിസാണ് മഹാരാജാസ് ഗ്രൗണ്ടുവരെ നീട്ടുന്നത്. ഇതോടെ നഗരഹൃദയത്തിലേക്ക് മെട്രോ ഓടിത്തുടങ്ങും.
പുതുതായി അഞ്ച് കിലോമീറ്ററാണ് സര്‍വിസ് നടത്തുക. മൂന്നിന് രാവിലെ 11ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷനില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേര്‍ന്ന് ട്രെയിന്‍ സര്‍വിസ് ഫ്‌ലാഗ് ഓഫ് ചെയ്യും. ഇരുവരും പുതിയ പാതയിലൂടെ യാത്ര ചെയ്യും. തുടര്‍ന്നാണ് ടൗണ്‍ഹാളിലെ ഉദ്ഘാടനച്ചടങ്ങ്. ഒക്ടോബര്‍ മൂന്നിന് ഉദ്ഘാടനം ചെയ്ത് അന്നു തന്നെ യാത്രക്കാര്‍ക്കായി പാത തുറന്ന് കൊടുക്കുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.
5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ,കലൂര്‍, ലിസി, എം ജി റോഡ്, മഹരാജാസ് ഗ്രൗണ്ട് എന്നിങ്ങനെ 5 സ്‌റ്റേഷനുകളാണുള്ളത്. മെട്രോ റെയില്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 25, 26 തീയതികളില്‍ ഈ പാതയില്‍ പരിശോധന നടക്കും.
ടിക്കറ്റ് കൗണ്ടറുകള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഈ മാസം അവസാനം പൂര്‍ത്തിയാകും. ട്രാക്കും സിഗ്‌നലിങ്ങ് സംവിധാനവും കോച്ചുകളും കുറ്റമറ്റതാക്കാന്‍ പരീക്ഷണ ഓട്ടം നടത്തിവരികയാണ്.
കേരളത്തിന്റെ കായികപാരമ്പര്യം സംസ്‌കാരം പ്രകൃതി തുടങ്ങി 5 വ്യത്യസ്ത പ്രമേയങ്ങളാണ് സ്‌റ്റേഷനുകളെ അലങ്കരിക്കുക. മെട്രോ റെയില്‍വേയുടെ ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമാണെന്നും സാധാരണ ദിവസം ശരാശരി 30000 പേരും അവധി ദിവസങ്ങളില്‍ 96000 പേരും മെട്രോയില്‍ സഞ്ചരിക്കുന്നുന്നുണ്ടെന്നും കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.
സര്‍വീസ് മഹാരാജാസ് ഗ്രൗണ്ട് വരെ നീട്ടുന്നതോടെ സ്ഥിരം യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha