മൗനവും രാജിയുമെല്ലാം നേതാക്കളുടെ ചെപ്പടിവിദ്യ
തോമസ്ചാണ്ടിയുടെ ഹൗസ് ബോട്ടിൽ അന്തിയുറങ്ങി, കള്ളും കരിമീനും രുചിച്ച രാഷ്ട്രീയ നേതാക്കൾ ഒടുവിൽ ഗത്യന്തരമില്ലാതെ ചാണ്ടിയുടെ രാജിയ്ക്കായി ചെപ്പടി വിദ്യകളുയുമായി രംഗത്ത്. പ്രതിപക്ഷ നേതാവിന്റെ ദുർബലമായ രാജി ആവശ്യപ്പെട്ടാലും സമരപ്പന്തലിലെത്തിയ ഉമ്മൻചാണ്ടി കായൽ കൈയേറ്റ വിവാദത്തിൽപ്പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെയും ഈ വിഷയത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ചാണ്ടിക്കെതിരെ ഉയർന്നു വന്നത് ഗുരുതര ആരോപണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്തടക്കം തോമസ് ചാണ്ടിക്കെതിരെ ഉയർന്ന് വന്ന എല്ലാ ആരോപണങ്ങളും റിപ്പോർട്ടും പരിശോധിക്കണമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ഇക്കാര്യത്തിൽ നിജസ്ഥിതി വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും തോമസ് ചാണ്ടിയെ രക്ഷിക്കാനാണോ മുഖ്യമന്ത്രിയുടെ മൗനമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം നിശബ്ദത തുടർന്നാൽ ശക്തമായ പ്രതിഷേധം തുടങ്ങുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. തോമസ് ചാണ്ടി കായൽ കൈയേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒരു നിമിഷം വൈകിക്കാതെ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, താൻ കായൽ കൈയേറി റിസോർട്ട് നിർമിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി ആവർത്തിച്ച് വ്യക്തമാക്കി. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് താൻ മണ്ണിട്ട് നികത്തിയത്. കരഭൂമി പാടശേഖരകമ്മിറ്റിയിൽ നിന്ന് വാങ്ങിയതാണ്. ആരെല്ലാം വിചാരിച്ചാലും താൻ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha