ദൈവത്തിന്റെ പേരിൽ പോർവിളി; നാണക്കേടിന്റെ പള്ളിത്തല്ലുകൾ വീണ്ടും
ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിദീയന്‍ കാതോലിക്ക ബാവയെ യാക്കോബായ വിഭാഗം തടഞ്ഞുവെച്ചിരിക്കുന്നു. എറണാകുളം വരിക്കോലിപ്പള്ളിയില്‍ സംഘര്‍ഷാവസ്ഥ. രാവിലെ കുര്‍ബാന അര്‍പ്പിക്കാനാണ് ബാവ പള്ളിയിലെത്തിയത്. കോടതിവിധി അനുകൂലമായതോടെയാണ് ബാവ കുര്‍ബാന അര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം വരിക്കോലി സെന്റ് മേരീസ് പള്ളിയിലെ ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി ഫാ. വിജു ഏലിയാസിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചിരുന്നു. പള്ളിയില്‍നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ വെണ്ണിക്കുളത്താണ് ആക്രമിച്ചത്. കമ്പിവടികൊണ്ട് അടിക്കുകയും കല്ലെറിയുകയും ചെയ്തു.
സുപ്രീം കോടതി വിധിയനുസരിച്ചു പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് സഭയ്ക്കാണ്. തുടര്‍ന്നു പള്ളിയില്‍ പെയിന്റിങ് ആരംഭിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസമായി സംഘര്‍ഷമുണ്ട്. പെയിന്റിങ്ങിനിടെ പള്ളിയിലെ പാത്രിയര്‍ക്കാ ചിഹ്നം നശിപ്പിക്കുന്നതായി പരാതിപ്പെട്ട് കഴിഞ്ഞ ദിവസം രാവിലെ യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിപ്പരിസരത്ത് എത്തി. വൈകിട്ട് പുത്തന്‍കുരിശ് പൊലീസിന്റെ കാവലിലാണ് ഫാ. വിജു പള്ളിയില്‍നിന്നു പുറപ്പെട്ടത്. പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധി അവസാനിച്ചപ്പോള്‍ പൊലീസ് സംഘം മടങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം. നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അക്രമം സൃഷ്ടിക്കാനുള്ള നീക്കമാണു യാക്കോബായ സഭ നടത്തുന്നതെന്ന് വികാരി ഫാ. വിജു ഏലിയാസ് കുറ്റപ്പെടുത്തി.
2002ല്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. പള്ളി പൂട്ടുകയും പിന്നീട് എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഓര്‍ത്തഡോക്‌സ്-പാത്രിയര്‍ക്കീസ് വിഭാഗങ്ങള്‍ക്ക് ആരാധനാസൗകര്യം ഏര്‍പ്പെടുത്തി പള്ളി തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അന്നുമുതല്‍ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും റവന്യൂ അധികാരികളുടെ നിയന്ത്രണത്തിലാണ്.
https://www.facebook.com/Malayalivartha