രണ്ടാഴ്‌ചക്കുള്ളില്‍ മൂന്നാം തവണയും പൈപ്പ് പൊട്ടി: തലസ്ഥാനത്ത് വീണ്ടും വെള്ളം മുടങ്ങി
തലസ്ഥാനത്ത് വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചു. രണ്ടാഴ്‌ച്ചക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് പൈപ്പ് പൊട്ടുന്നത്. മുട്ടടയ്‌ക്കു സമീപം വയലിക്കടയിലാണ് പുലര്‍ച്ചെ മൂന്നു മണിയോടെ പൈപ്പ് പൊട്ടിയത്. പേരൂര്‍ക്കടയില്‍ നിന്ന് പരുത്തിപ്പാറ, നാലാഞ്ചിറ, കേശവദാസപുരം, ഉള്ളൂര്‍ പ്രദേശങ്ങളിലേക്കു കുടിവെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്.
രണ്ടാഴ്‌ചക്കുള്ളില്‍ ആറ്റുകാല്‍ പൊങ്കാലയുടെ തലേ ദിവസമാണ് തലസ്ഥാനത്ത് ആദ്യം പൈപ്പ് പൊട്ടിയത്. അതിനുശേഷം കഴിഞ്ഞ ഞായറാഴ്‌ച അരുവിക്കരയില്‍ നിന്ന് തിരുവനന്തപുരത്തിലേക്കുള്ള പൈപ്പും പൊട്ടി. ഇപ്പോള്‍ പൈപ്പ് പൊട്ടിയത് തിരുവനന്തപുരം നഗരത്തെ ബാധിക്കില്ല. എന്നാല്‍ മെഡിക്കല്‍ കോളേജ് ,എസ്.എ.ടി ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. അതിനിടെ അറ്റകുറ്റപ്പണി തുടങ്ങിയതായും ഇന്നു വൈകീട്ടോടെ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha