സ്വന്തം സ്ഥലത്തിന്റെ മാപ്പ് കിട്ടാനായി ഇനി വില്ലേജ് ഓഫീസ് കയറിയിറങ്ങണ്ട
ഭൂമിയെ സംബന്ധിച്ച് ഏറ്റവും വിലപ്പെട്ട രേഖയാണ് സ്‌കെച്ച് അഥവാ ഭൂരേഖ. ആ ഭൂരേഖ കിട്ടണമെങ്കില്‍ പല പ്രവാശ്യം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങി അവിടത്തെ ഉദ്യോഗസ്ഥരുടെ കാലു പിടിച്ച് അവര്‍ വന്ന് സ്ഥലം നോക്കി കൈക്കൂലിയും കൊടുത്ത ശേഷമായിരിക്കും അത് കിട്ടുക. എന്നാല്‍ ആ കാലത്തിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്.
അതിര്‍ത്തി തര്‍ക്കങ്ങള്‍ തീര്‍ക്കാനും മറ്റും സ്വന്തം സ്ഥലത്തിന്റെ മാപ്പ് കിട്ടാനായി ഇനി വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ട ആവശ്യമില്ല. ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും കമ്പ്യൂട്ടര്‍വത്കരിക്കുന്ന പ്രക്രിയ സംസ്ഥാനത്തെ 1669 വില്ലേജുകളില്‍ 659 എണ്ണത്തിലും പൂര്‍ത്തിയായി. ഈ വില്ലേജുകളിലുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടച്ച് ഭൂമി സംബന്ധമായ മാപ്പുകളുടെ പ്രിന്റൗട്ട് എടുക്കാനാവും. താലൂക്ക്, ജില്ലാ, ബ്ലോക്ക് മാപ്പും ലാന്‍ഡ് രജിസ്റ്രര്‍, സെറ്റില്‍മെന്റ് രജിസ്റ്റര്‍, ഏരിയ ലിസ്റ്റ് തുടങ്ങിയവയും ഇതുവഴി ലഭിക്കും.റീസര്‍വേ പൂര്‍ത്തിയാക്കിയ വില്ലേജുകളിലാണ് ഭൂമി സംബന്ധമായ രേഖകള്‍ കമ്പ്യൂട്ടറിലാക്കിയത്.
കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്റെ ഇരേഖ സൈറ്റില്‍ കയറി ഫയല്‍ സെര്‍ച്ച് ചെയ്യുക
ജില്ല, താലൂക്ക് , വില്ലേജ്, ബ്ലോക്ക് നമ്പര്‍, സര്‍വേ നമ്പര്‍ എന്നിവ നല്‍കുക
ക്ലിക്ക് ബട്ടണ്‍ അമര്‍ത്തുക. അടുത്ത പേജില്‍ ഫലം കാണാം.
ഡൗണ്‍ലോഡ് ചെയ്യാന്‍ പേ ബട്ടണില്‍ അമര്‍ത്തുക.
ഇ ട്രഷറി പേജിലെത്തും. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പണമടച്ച് പേജ് ഡൗണ്‍ലോഡ് ചെയ്യാം.
വര്‍ഷങ്ങളായി ആരംഭിച്ച റീസര്‍വേ പൂര്‍ത്തിയാക്കുന്നതിന് താത്കാലിക ജീവനക്കാരെ നിയമിച്ച് പരിശീലനം നല്‍കും. സ്വകാര്യ ഏജന്‍സികളെ ഏല്പിക്കുന്നതിനെ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണിത്. 779 വില്ലേജുകളില്‍ റീസര്‍വേ പൂര്‍ത്തിയാവാനുണ്ട്. പത്ത് വില്ലേജുകളില്‍ ഒക്ടോബറില്‍ റീസര്‍വേ ആരംഭിക്കും. ടോട്ടല്‍ സ്‌റ്റേഷന്‍, ഇല്‌ക്ട്രോണിക് ഒപ്ടിക്കല്‍ ഇന്‍സ്ട്രുമെന്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാവും റീസര്‍വേ.
https://www.facebook.com/Malayalivartha