യുവജന നേതാവും മുതിര്‍ന്ന നേതാവും കൂടി ഒതുക്കിയ കേസ് വെളിച്ചത്തായതോടെ ഗുണ്ടാസംഘം പേടിയില്‍
ചിറയിന്‍കീഴിനെ ഭീതിയിലാക്കി കിഴുവിലം മുടപുരത്ത് യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചവശനാക്കിയ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ യുവജന വിഭാഗം നേതാക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കിഴുവിലം, മുടപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുന്നതില്‍ ഈ നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.
ഇക്കഴിഞ്ഞ മാസം പതിമൂന്നിനാണ് പട്ടാപ്പകല്‍ നടുറോഡിലിട്ട് കൊച്ചാലുമുട് സ്വദേശിയായ സുധീറിനെ മുടപുരം ഈച്ചരന്‍വിള മണലില്‍ വീട്ടില്‍ അനന്തു (23) വും കൂട്ടുപ്രതിയായ ശ്രീക്കുട്ടന്‍ എന്ന് വിളിയ്ക്കുന്ന ശ്രീജിത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയത്. മുട്ടപ്പാലം ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ അനന്ദുവും ശ്രീക്കുട്ടനും മുടപുരം ജംഗ്ഷനില്‍ മദ്യലഹരിയില്‍ റോഡില്‍ ബൈക്ക് വട്ടം ചുറ്റുകയായിരുന്നു.
ഈ സമയത്താണ് ചിറയിന്‍കീഴില്‍ നിന്ന് ബൈക്കില്‍ എത്തിയ സുധീറിന്റെ ബൈക്കിന് തടസം നിന്നത്. ഇത് സുധീര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ അനന്ദുവും ശ്രീക്കുട്ടനും ചേര്‍ന്ന് സുധീറിനെ ബൈക്കില്‍ നിന്ന് തള്ളിയിട്ട് ക്രുരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ സുധീറിന് തലയ്ക്കും ചെവിക്കും സാരമായ പരിക്കേറ്റു. പോലീസില്‍ സുധീര്‍ വാക്കാല്‍ പരാതി നല്‍കിയെങ്കിലും ചില യുവജന രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കുകയായിരുന്നു.
നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു സംഭവം ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ കുറച്ചു പണം കിട്ടിയതല്ലാതെ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരേയും സുധീറിന് ലഭിച്ചില്ല. മുടപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ മര്‍ദ്ദന രംഗങ്ങള്‍ പതിയുകയും ഇവ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പ്രചരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് മുഖ്യപ്രതി അനന്തുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ ഇയാളോടൊപ്പം കൂട്ടുപ്രതിയായ ശ്രീജിത്തിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ശ്രീജിത്തിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ പ്രതി പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. അനന്തുവിനെ രക്ഷപ്പെടാനും ഒളിവില്‍ പോകാനും സഹായിച്ച മുടപുരം സ്വദേശികളായ ഷിനോജ്, പ്രദീപ്, വിഷ്ണു, സുധീഷ് എന്നിവരെ ആറ്റിങ്ങല്‍ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അനന്തുവിനെ മുടപുരത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha