പള്‍സര്‍ സുനി പോലീസിന്റെ ദൈവമെന്ന് ദിലീപ്; ചുമത്തുന്ന കുറ്റങ്ങള്‍ എന്തെന്ന് പോലും ദിലീപിന് അറിയില്ല; റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ ഒന്നുമില്ല; നിഷേധിക്കപ്പെടുന്നത് കുറ്റാരോപിതന്റെ അവകാശങ്ങള്‍... പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാമന്‍പിള്ള വക്കീല്‍
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. അന്വേഷണ സംഘത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് ദിലീപിന്റെ അഭിഭാഷകർ ഉന്നയിച്ചത്. അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് അറിയിക്കുന്നില്ലെന്നു പ്രതിഭാഗം കുറ്റപ്പെടുത്തി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും ഉള്‍പ്പെടുത്തുന്നില്ല. തനിക്കെതിരെ ചുമത്തുന്ന കുറ്റങ്ങള്‍ എന്തെന്ന് പോലും ദിലീപിന് അറിയില്ല. പ്രതിയുടെ അവകാശമാണ് അതെന്നും പ്രതിഭാഗം വാദിച്ചു. ഒന്നാം പ്രതി സുനില്‍ കുമാറിന്റെ കുറ്റവാളി പശ്ചാത്തലവും വിശദീകരിച്ചു. 16-ാം വയസില്‍ മോഷണം തുടങ്ങിയതാണ്. പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് തുടങ്ങി. മുളകുപൊടി വിതറി കവര്‍ച്ച. കേരളത്തില്‍ എല്ലായിടത്തും കേസുകള്‍-ഇങ്ങനെ എല്ലാം വിശദീകരിച്ചു.
നഗ്ന ചിത്രം പകര്‍ത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണ്. അതില്‍ ദിലീപിന് പങ്കിലെന്ന് അദ്ദേഹം വാദിച്ചു. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന മൊഴിയില്‍ പോലും കൃത്യമായി അന്വേഷണം നടത്താന്‍ പൊലീസിനായില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കുറ്റവാളിയായ പള്‍സര്‍ സുനിയെ പൊലീസ് ദൈവമായാണ് കാണുന്നതെന്നും അഡ്വ. രാമന് പിള്ള കുറ്റപ്പെടുത്തി.
കൂട്ടുപ്രതി വിഷ്ണുവിന്റെയും ജയിലിലെ സഹതടവുകരുടെയും പശ്ചാത്തലം വളരെ മോശം. ഇവരുടെയെല്ലാം മൊഴികളെ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണമെന്നും വാദിച്ചു. പ്രതികള്‍ അടക്കം ഓരോരുത്തരുണ്ടാക്കുന്ന കഥകള്‍ക്ക് പിന്നാലെ പോകുന്നതല്ലാതെ യുക്തിഭദ്രമായ ഒരന്വേഷണവും ഇതുവരെ നടന്നിട്ടില്ല എന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ 7 മാസമായിട്ടും കണ്ടെടുക്കാന്‍ പൊലീസിനായിട്ടില്ല. അതിന്റെ പേര് പറഞ്ഞാണ് ഇപ്പോഴും ജാമ്യം നിഷേധിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. കേസിലെ മറ്റു രണ്ട് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന് പങ്കില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി. റിമാന്‍ഡിലായ ദിലീപ് 78 ദിവസമായി ആലുവ സബ് ജയിലിലാണ്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത മാസം നാലു വരെ ഹൈക്കോടതി പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. അതുവരെ നാദിര്‍ഷയെ അറസ്റ്റു ചെയ്യ്യാനും പൊലീസിന് കഴിയില്ല. കേസില്‍ കാവ്യയെ പ്രതിചേര്‍ത്തിട്ടില്ലെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അറസ്റ്റിന് സാധ്യതയില്ലെന്നും പൊലീസ് കോടതിയില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അത് പരിഗണിച്ച കോടതി കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
ജാമ്യ ഹര്‍ജിയില്‍ അനുകൂല തീരുമാനമുണ്ടായാല്‍ പുതിയ ചിത്രമായ രാമലീല ആദ്യ ദിവസം തന്നെ തിയേറ്ററില്‍ പോയി കാണാന്‍ ദിലീപിന് കഴിയും. എന്നാല്‍ നാളെ ജാമ്യ ഹര്‍ജിയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന് തീരുമാനം. ഇത് കോടതി അംഗീകരിച്ചാല്‍ ദിലീപിന് പിന്നീട് വിചാരണ കഴിഞ്ഞ് മാത്രമേ ജയില്‍ മോചനം ലഭ്യമാകൂ. അടുത്ത മാസം ഏഴിന് മുമ്പ് ദിലീപിനെതിരെ കുറ്റപത്രം കൊടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റപത്രം നല്കി കഴിഞ്ഞാല്‍ പിന്നെ ദിലീപിന് ജാമ്യം കിട്ടാനുള്ള സാധ്യത കുറയും.
രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തിൽ എന്തുമാറ്റമുണ്ടായെന്നു വ്യക്തമാക്കി വിശദീകരണം നൽകാൻ സിംഗിൾ ബെഞ്ച് പ്രോസിക്യൂഷനു നേരത്തെ നിർദേശം നൽകിയിരുന്നു. മുൻപു ജാമ്യാപേക്ഷ പരിഗണിച്ച അതേ ബഞ്ചു തന്നെയാണ് ഇത്തവണയും പരിഗണിച്ചത്. അങ്കമാലി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ദിലീപ് നൽകിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടർന്നാണ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.
https://www.facebook.com/Malayalivartha