ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ആനുകൂല്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഒരു സന്തോഷവാർത്ത. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം നടപടി ആരംഭിച്ച്ക്കഴിഞ്ഞു. സാമൂഹികനീതി വകുപ്പ് ഈ പദ്ധതിയ്ക്ക് വേണ്ട വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. പദ്ധതി പ്രാബല്യത്തിലെത്തുന്നതോടെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 5,000 രൂപയുടെ ധനസഹായം ലഭ്യമാകും.
ഈ ആനുകൂല്യം ലഭിക്കുക 2017 ജനുവരി ഒന്നിനോ അതിനുശേഷമോ ഗര്‍ഭംധരിച്ചവര്‍ക്കാണ്. തുക മൂന്നുഗഡുക്കളായാണ് നൽകുന്നത്. ഗര്‍ഭകാല രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ 1,000 രൂപയുടെ ആദ്യഗഡുവും ഒരു ആന്റി-നാറ്റല്‍ പരിശോധനയെങ്കിലും പൂര്‍ത്തിയാക്കിയാല്‍ ആറുമാസത്തിനുശേഷം 2,000 രൂപയുടെ രണ്ടാമത്തെ ഗഡുവും ലഭിക്കും. കുഞ്ഞ് ജനിച്ചശേഷം ജനനം രജിസ്റ്റര്‍ചെയ്യുകയും കുട്ടിയ്ക്ക് പ്രതിരോധ കുത്തിവെപ്പുകളെടുക്കുകയും ചെയ്യുമ്പോഴാണ് മൂന്നാമത്തെ ഗഡുവായ 2,000 രൂപ നൽകുന്നത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായത്തുക നൽകുന്നത്.
മാത്രമല്ല ആരോഗ്യവകുപ്പ് മുഖേന നടപ്പാക്കുന്ന ജനനി സുരക്ഷായോജന വഴി 1,000 രൂപയുടെ ധനസഹായം വേറെയും ലഭിക്കും. അങ്ങനെ മൊത്തം ആറായിരം രൂപ ഗർഭിണികൾക്ക് കിട്ടും. എന്നാൽ ആദ്യ പ്രസവത്തിന് മാത്രമേ ധനസഹായം ലഭിക്കൂ. എ.പി.എല്‍, ബി.പി.എല്‍.ഏതായിരുന്നാലും ധനസഹായം ലഭിക്കും. എന്നാൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന് കീഴിലോ പൊതുമേഖലാ സ്ഥാപനങ്ങളിലേയോ സ്ഥിരം ജീവനക്കാര്‍ ആനുകൂല്യത്തിന് അർഹരല്ല. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലെ ഗര്‍ഭിണികളെ സംബന്ധിച്ച വിവരങ്ങള്‍ 15നകം ലഭ്യമാക്കാൻ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ ലഭിച്ചാൽ ഉടൻതന്നെ പദ്ധതി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങും.
https://www.facebook.com/Malayalivartha