നടുറോഡില്‍ യുവാവിനെ തല്ലിച്ചതച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍
ചിറയിന്‍കീഴില്‍ യുവാവായ സുധീറിനെ നടുറോഡില്‍ തല്ലിച്ചതച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. രണ്ടാം പ്രതി ശ്രീജിത്തിനെയാണ് ആറ്റിങ്ങല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒന്നാം പ്രതി ഉള്‍പ്പെടെ നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് പിടികൂടിയത്. വിദേശത്തായിരുന്ന ഇയാള്‍ പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ആക്രമണത്തിന് ശേഷം ഇയാള്‍ വിദേശത്തേയ്ക്ക് കടന്നുവെന്നായിരുന്നു പോലീസ് സംശയിച്ചിരുന്നത്.
തുടര്‍ന്ന് വിമാനത്താവളങ്ങളിലെ സിസിടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ വിദേശത്ത് കടന്നില്ലെന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു ബന്ധുവീട്ടില്‍ നിന്നും ശ്രീജിത്തിനെ പിടികൂടിയത്. ഇയാളെ ഇന്ന് വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് കുറ്റക്കാരെ പിടികൂടാന്‍ റൂറല്‍ എസ്.പി അശോക് കുമാര്‍ ആറ്റിങ്ങല്‍ സി.ഐ എം. അനില്‍കുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ 13ന് വൈകീട്ട് അഞ്ചിന് മുടപുരം ജങ്ഷനിലായിരുന്നു സംഭവം. ചാറ്റല്‍ മഴ പെയ്തുകൊണ്ടിരിക്കവേ രണ്ടു യുവാക്കള്‍ ബൈക്കിലെത്തുകയും തിരക്കുള്ള പാതയില്‍ തുടര്‍ച്ചയായി റൗണ്ടടിക്കുകയും ചെയ്തു. ബൈക്കുകള്‍ ഉള്‍പ്പെടെ പല വാഹനങ്ങളെയും ഇടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതു ചോദ്യം ചെയ്ത സുധീറിനെ യുവാക്കള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തായതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.
https://www.facebook.com/Malayalivartha