പത്തനംതിട്ടയിലെ ആറ് വില്ലേജുകളിലെ പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി
മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലായി നല്‍കിയ 1,843 പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. പട്ടയങ്ങള്‍ നിയമപ്രകാരമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം റദ്ദാക്കിയത്. അടൂര്‍ പ്രകാശ് റവന്യൂമന്ത്രി ആയിരിക്കെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. പട്ടയഭൂമിയായി നല്‍കിയത് വനഭൂമിയാണെന്നും അതിനാല്‍ തന്നെ പട്ടയം നല്‍കാന്‍ കഴിയില്ലെന്നും വനം വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് ഗൗനിക്കാതെയായിരുന്നു 4,835 ഏക്കര്‍ സ്ഥലത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്
സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലെ 1,843 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. ഇതില്‍ സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളിലെ ഭൂമി വനഭൂമിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലന്നും വ്യക്തമാക്കി ഡി.എഫ്.ഒ 2015 ഡിസംബറില്‍ കോന്നി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, വനം വകുപ്പിന്റെ റിപ്പോര്‍ട്ടിനെ അവഗണിച്ച് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് യോഗം വിളിച്ച് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. 4865 ഏക്കര്‍ ഭൂമി 4,126 കൈവശക്കാര്‍ക്കായി പട്ടയമായി നല്‍കാനായിരുന്നു തീരുമാനം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചിറ്റാറില്‍ പട്ടയമേള നടത്തി പട്ടയം കൈമാറുകയായിരുന്നു. എന്നാല്‍ പട്ടയം നല്‍കിയ ഭൂമി വനഭൂമിയാണന്ന് വനം വകുപ്പ് ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ മന്ത്രി ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha