'ഒരു കുംടുംബ പ്രശ്‌നം' ഇന്നത്തെ ഐക്യമുന്നണി ചിന്താവിഷയം, രക്ഷകനായ പി.സി.യും വേണം യുവതാരം ഗണേഷും വേണം, വീണാല്‍ പിടിക്കാന്‍ ഇടതും
കേവലം ഒരു കുടുംബ പ്രശ്‌നത്തെ മലയാളികള്‍ക്ക് ഇത്രയും കൊട്ടിഘോഷിക്കേണ്ട കാര്യമുണ്ടോ. മുഖ്യമന്ത്രിക്കും ഐക്യമുന്നണിയ്‌ക്കും മനസിലാവാത്ത ഒരു ചോദ്യമാണിത്. ഗണേഷ്‌കുമാറാണെങ്കില്‍ മന്ത്രിയെന്ന രീതിയില്‍ സുസമ്മതനാണ്. ആകെ പേരുദോഷം കേള്‍പ്പിച്ചത് കൊട്ടാരക്കര പ്രസംഗത്തിലാണ്. നേരം പുലര്‍ന്നപ്പോള്‍തന്നെ അതിനുള്ള ക്ഷമാപണ ക്രിയകളും ചെയ്‌തു. താന്‍ ആര്‍ക്കുവേണ്ടിയാണോ ഇതൊക്കെ പറഞ്ഞത് ആ അച്ഛന്‍തന്നെ തന്റെ രാജിക്കായി മുറവിളിയും കൂട്ടി. ഭരണം മാറാന്‍ ഐക്യമുന്നണിയ്‌ക്കെതിരെ ഇടതുമുന്നണി സജീവമായതോടെ ബാലകൃഷ്‌ണപിള്ളയുടെ കത്ത് ഒരു ചര്‍ച്ചയേ ആകാതായി.
എന്നാല്‍ ഇതിനിടയ്‌ക്കാണ് ഒരു മലയാളം പത്രത്തില്‍ ഗണേഷ്‌കുമാറിനെതിരെ ഒരു വാര്‍ത്ത വന്നത്. മന്ത്രിമാരില്‍ ഒരാള്‍ക്ക് കാമുകിയുടെ ഭര്‍ത്താവില്‍ നിന്നും കണക്കിന് കിട്ടിയെന്ന്. സംഗതി ഹോട്ടാണ്. ആരാണ് കല്യാണ സൗഗന്ധികത്തിനായി പോയതെന്നായി മലയാളി. 20 മന്ത്രിമാരേയും സംശയിക്കേണ്ട സ്ഥിതി. രക്ഷകനായ പി.സി. ജോര്‍ജ് ഒരിക്കല്‍ക്കൂടി രംഗത്തെത്തി. ഇരുപത് പേര്‍ സംശയിക്കുന്നതിനേക്കാള്‍ നല്ലതല്ലേ യഥാര്‍ത്ഥ താരം ആരെന്നറിയുന്നത്.
പി.സി.യുടെ വെളിപ്പെടുത്തല്‍ മന്ത്രിക്ക് ക്ഷീണമായി. പി.സി.യ്‌ക്കെതിരെ കേസുകൊടുക്കുമെന്നായി. അതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. പി.സി. ഉറപ്പിച്ചുപറയുകയും വേണ്ടിവന്നാല്‍ തെളിവുകളും നല്‍കാമെന്നായതോടെ ഈ വിഷയത്തെപ്പറ്റി പഠിക്കാനായി പ്രതിപക്ഷവും രംഗത്തെത്തി.
ഐക്യമുന്നണി നേതാക്കള്‍ക്ക് ആകെ ഇരിക്കപ്പൊറുതിയില്ലാതായി. ഇതിനിടയ്‌ക്ക് ഗണേഷ്‌കുമാര്‍ രാജിക്കായുള്ള കത്തും മുഖ്യമന്ത്രിക്കു നല്‍കി. പക്ഷേ ഒരുകാര്യം അച്ഛന്റെ കത്ത് പ്രകാരം രാജി വയ്‌ക്കില്ല. എങ്കില്‍ എംഎല്‍എ സ്‌ഥാനവും രാജി വയ്‌ക്കും. ഈ കേസില്‍ രാജി വയ്‌ക്കാം. പക്ഷേ തന്നോടൊപ്പം പി.സി.യും രാജിവയ്‌ക്കണം. നേതാക്കള്‍ കുടുങ്ങി. മന്ത്രിസഭയ്‌ക്ക് ഭൂരിപക്ഷം ഉറപ്പിച്ചു നിര്‍ത്തുന്ന പി.സി. പോയാല്‍ പിന്നെ... ചിന്തിക്കാനേ വയ്യ. ഗണേഷിനെതിരെ തെളിവുമായി പി.സി. വരും. തിരിച്ച് ഗണേഷ്‌കുമാറിനേയും ഒഴിവാക്കാന്‍ വയ്യ. ഗണേഷിന്റെ രാജി ഐക്യമുന്നണിക്കെതിരേയുള്ള ശക്തമായ ആയുധവുമാകും. പോരാത്തതിന് ഇടതുമുന്നണി അത് ശരിക്കും ഉപയോഗിക്കും. അവര്‍ ഇപ്പോള്‍ വേണ്ടവിധം ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. അത്‌കൊണ്ട് ഇലയ്‌ക്കും മുള്ളിനും കേടുവരാതെയുള്ള തന്ത്രങ്ങളാവും ഐക്യമുന്നണി ആവിഷ്‌കരിക്കുന്നത്.
https://www.facebook.com/Malayalivartha