പരിയാരത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊല്ലാന്‍ പ്രതികള്‍ നടത്തിയ നീക്കങ്ങള്‍ ഞെട്ടിക്കുന്നത്
ഏല്ലാവരേയും അമ്പരപ്പിക്കുന്ന കൊലപാതകമാണ് പരിയാരത്ത് നടന്നത്. റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊല്ലാന്‍ പ്രതികള്‍ നാല് തവണ എത്തിയെന്ന് തെളിഞ്ഞു. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് കണ്ടാണ് മൂന്ന് തവണയും കൊല നടത്താനുള്ള നീക്കത്തില്‍ നിന്ന് ഇവര്‍ പിന്‍മാറിയത്. രണ്ടാഴ്ചയായി ഇവര്‍ ഇതിനായുള്ള ശ്രമത്തിലായിരുന്നു.പരിയാരത്തേക്ക് ഇരുചക്ര വാഹനത്തില്‍ എത്തുന്ന രാജീവിന് പിറകെ കൊലയാളികളുണ്ടായിരുന്നു. എന്നാല്‍ മറ്റ് ആളുകളുടെ സാമിപ്യം കാരണമാണ് മൂന്ന് തവണയും കൊലപാതകത്തില്‍ നിന്ന് അവര്‍ പിന്‍മാറിയത്.
നാലാമത്തെ ശ്രമത്തില്‍ ഇവര്‍ കൊല നടത്തുകയായിരുന്നു. സംഭവ ദിവസം അതിരാവിലെ ഇവര്‍ അതിനായി പരിയാരത്ത് രാജീവ് താമസിക്കുന്നിടത്ത് എത്തിയെങ്കിലും അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. സാധാരണഗതിയില്‍ പുലര്‍ച്ചെ ആറോടെയാണ് അവിടെ എത്തുക പതിവ്. 6.45 ആയിട്ടും വരാതായതോടെ കൊലയാളികള്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങി. ഓട്ടോയില്‍ മടങ്ങുന്ന വഴിയില്‍ വെച്ച് ഇയാള്‍ സ്‌കൂട്ടറില്‍ പരിയാരത്തേക്ക് വരുന്നത് അപ്രതീക്ഷിതമായി ഇവരുടെ ശ്രദ്ധയില്‍പെട്ടു.അതോടെ ഇവരും ഓട്ടോറിക്ഷ തിരിച്ച് രാജീവിന്റെ പുറകെ കൂടി. രാജീവ് താമസസ്ഥലത്താണ് എത്തിയത്.
പരിസരത്ത് ആളുകളില്ലാതിരുന്നത് കൊലപാതകസംഘത്തിന് അനുകൂലമായി. സ്‌കൂട്ടര്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തുന്നതിനിടെ പിറകെ ഓട്ടോയില്‍ എത്തിയ സംഘം രാജീവന് മേല്‍ ചാടി വീണു. രക്ഷപ്പെടാനുള്ള മല്‍പിടിത്തത്തിനിടെ സ്‌കൂട്ടര്‍ തട്ടിമറിഞ്ഞു വീണു. ബലപ്രയോഗത്തിനിടെ രാജീവന്റെയും സംഘത്തിലുള്ളവരുടെയും ചെരിപ്പുകള്‍ ചിതറിതെറിച്ചുപോയി.
മറ്റുള്ളവര്‍ അറിയുന്നതിന് മുമ്പ് ഓട്ടോയില്‍ കയറ്റാനായിരുന്നു ശ്രമം. രാജീവന്‍ പക്ഷെ, കുതറി മാറി. അതോടെ അയാളെ ശാരീരികമായി ആക്രമിച്ച് അവശനാക്കി ഓട്ടോയില്‍ എടുത്തിട്ട് കൊണ്ടുപോവുകയായിരുന്നു. നാലുപേരടങ്ങുന്ന ക്വട്ടേഷന്‍ സംഘമാണ് കൃത്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്. ഏകദേശം ഒരു മാസം മുമ്പാണ് ഇവര്‍ക്ക് ഇതിന് ക്വട്ടേഷന്‍ ലഭിച്ചത്. നായത്തോട്ടിലുള്ള വീട്ടിലോ വഴിയിലോ വെച്ച് പിടികൂടാന്‍ പ്രയാസമാണെന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നു. അതിനാലാണ് ഇയാള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പരിയാരത്തെ ജാതി തോട്ടത്തില്‍ വെച്ച് പിടികൂടി കൊല്ലാന്‍ പദ്ധതിയിട്ടത്. പരിയാരം തവളപ്പാറയില്‍ അമേരിക്കയില്‍ താമസമാക്കിയ ആളുടെ പത്തേക്കര്‍ വരുന്ന ജാതി തോട്ടത്തില്‍ കൃഷി ചെയ്യാനും ജാതിക്കായ ശേഖരിക്കാനുമായിരുന്നു നായത്തോട്ടില്‍നിന്നും രാജീവ് വന്നത്.
തോട്ടത്തിലെ ഔട്ട് ഹൗസില്‍ രാത്രി രാജീവ് താമസിക്കാറില്ല. തൊഴിലാളികള്‍ക്ക് ഭക്ഷണം തയാറാക്കാന്‍ ഉപയോഗിക്കുക മാത്രമെ ചെയ്തിരുന്നുള്ളൂ. തൊഴിലാളികള്‍ എപ്പോഴും ഉണ്ടാകുമെന്നതിനാല്‍ അവിടെ വെച്ച് തങ്ങളുടെ പദ്ധതി നടപ്പാക്കാനാവില്ലെന്ന് ക്വട്ടേഷന്‍ സംഘത്തിന് അറിയാമായിരുന്നു. അതിനായി പരിയാരത്തെ ഒഴിഞ്ഞു കിടക്കുന്ന എസ്.ഡി കോണ്‍വന്റ് മഠത്തിന്റെ കെട്ടിടം ഇവര്‍ നേരത്തെ വാടകക്കെടുത്തിരുന്നു. ഇവിടെ തങ്ങിയാണ് കാര്യങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്തത്.
വെള്ളിയാഴ്ച രാവിലെ ഏഴോടെ അവശനിലയില്‍ ഇവിടെ എത്തിച്ച രാജീവനെ കെട്ടിടത്തിന്റെ വാതില്‍ താക്കോല്‍ ഉപയോഗിച്ച് തുറന്ന് മുറിയിലിട്ട് രണ്ട് മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ എന്തൊക്കെയോ രേഖകള്‍ ഒപ്പിട്ടു വാങ്ങിയതായി സംശയിക്കുന്നു. ശ്വാസം മുട്ടിച്ചാണ് കൊന്നത്. മുണ്ടുകൊണ്ട് കൈകള്‍ പിന്നില്‍ കെട്ടിയിരുന്നു. പായയില്‍ നഗ്‌നനായിട്ടാണ് മൃതദേഹം കണ്ടത്. തലയുടെ പിന്‍ഭാഗത്ത് മുറിവുണ്ടായിരുന്നു. ഈ മുറിവ് മരണകാരണമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം രാജീവിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ദുരൂഹതകള്‍ ഏറെയാണ്. നായത്തോട് കോലിച്ചോടം ഭാഗത്ത് നിലംപൊത്താറായ വീട്ടില്‍ ഇഷ്ടികത്തൊഴിലാളിയായി കഴിഞ്ഞിരുന്ന രാജിവ് അടുത്തകാലത്താണ് വന്‍ സമ്പന്നനായി മാറിയതെന്നാണ് പൊലീസ് പറയുന്നത്.
ഇഷ്ടികക്കളത്തില്‍ പണിയെടുക്കുമ്പോള്‍ വയനാട് സ്വദേശിനിയുമായി പ്രണയത്തിലായ രാജീവ് 18ാം വയസ്സില്‍ വിവാഹിതനായെങ്കിലും രണ്ട് മക്കള്‍ ജനിച്ച ശേഷം ബന്ധം വേര്‍പ്പെടുത്തി. മക്കള്‍ രാജീവിനൊപ്പമായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് നായത്തോട് സ്‌കൂളിന് കിഴക്കുവശം സ്ഥലം വാങ്ങി ആഡംബര വീട് നിര്‍മിച്ചത്. രാഷ്ട്രീയ, ഉദ്യോഗസ്ഥതലങ്ങളില്‍ ഉന്നതരുമായി രാജീവിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. സാമ്പത്തിക അഭിവൃദ്ധിയുണ്ടായതോടെ സാധാരണക്കാരുമായുള്ള അടുപ്പം കുറഞ്ഞതായും നാട്ടുകാര്‍ പറയുന്നു. വാഹന ബ്രോക്കറായി ബിസിനസ് രംഗത്ത് പ്രവേശിച്ച രാജീവ് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ സജീവമായതോടെയാണ് കോടികളുടെ ആസ്തികള്‍ക്ക് ഉടമയായത്.
വസ്തു വില്‍പന സംബന്ധിച്ച തര്‍ക്കങ്ങളും നിയമ തടസ്സങ്ങളും പതിവായതോടെയാണ് അഭിഭാഷകനായ ഉദയഭാനുവുമായി രാജീവ് അടുത്തത്. എഫ്.സി.ഐയില്‍ ചുമട്ടുതൊഴിലാളിയായിരുന്ന അങ്കമാലി ചെറുമഠത്തില്‍ ജോണിയുമായായിരുന്നു പ്രധാനമായും രാജീവ് പങ്കുകച്ചവടം നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha