ചാലക്കുടി റിയൽ എസ്‌റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതകം; മുഖ്യപ്രതി ചക്കര ജോണി രാജ്യം വിട്ടു?
റിയൽ എസ്‌റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രരധാരൻ ചക്കര ജോണി രാജ്യം വിട്ടതായി സംശയം. ആസ്ട്രേലിയ, യു.എ.ഇ, തായ്ലന്റ് രാജ്യങ്ങളിലെ വിസ ജോണിക്ക് ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇതാണ് ഇയാൾ രാജ്യം വിട്ടെന്ന സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ജോണിയെ കണ്ടെത്താൻ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു. ജോണിയടക്കം മൂന്നു പേരാണ് ഗൂഢാലോചനയിൽ പ്രതികളായുള്ളത്.
കൊല്ലപ്പെട്ട രാജീവും കേസിലെ മുഖ്യപ്രതി ചക്കര ജോണിയും ചേർന്ന് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അങ്കമാലി കേന്ദ്രീകരിച്ച് 200 കാേടിയിലധികം രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഭൂമിക്ക് അഡ്വാൻസ് നൽകാനായി ജോണിയിൽ നിന്ന് വാങ്ങിയ കോടികൾ രാജീവ് അടിച്ചുമാറ്റിയതാണ് ശത്രുതയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ഈ തുക ഉപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിക്കൂട്ടി. ഇത് തിരികെ എഴുതി വാങ്ങുന്നതിനായാണ് രാജീവിനെ തട്ടിക്കൊണ്ട് പോയത്. സഹായിയായ ഗുണ്ടകൾ പിന്നീട് രാജീവിനെ എന്തിന് കൊലപ്പെടുത്തിയെന്ന് വ്യക്തമല്ല.
ഭാര്യയുമായി അകന്നുകഴിയുന്ന രാജീവ് അങ്കമാലി നായത്തോട് സ്കൂൾ ജംഗ്ഷനുസമീപമാണ് താമസം. രണ്ട് മക്കളുണ്ട്. അമ്മ രാജമ്മ രാജീവിനൊപ്പമാണ് താമസം. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇയാൾ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കടക്കുകയായിരുന്നു. ആദ്യം ചെറിയ ഇടപാടുകൾ മാത്രമാണ് നടത്തിയിരുന്നത്.
പിന്നീട് വൻകിട സംഘവുമായുള്ള കൂട്ടുകച്ചവടമായി മാറി. ഇടനിലക്കാരന്റെ റോളിൽ നില്ക്കുമ്പോൾ പലരും നൽകിയ പണം കക്ഷികൾക്ക് നൽകാതെ തട്ടിയെടുത്തുവത്രെ. ജോണിയിൽനിന്ന് മാത്രം മൂന്നു കോടി തട്ടിയെന്നാണ് വിവരം. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പത്തു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അങ്കമാലി പൊലീസ് സ്റ്റേഷനിൽ വഞ്ചനാ കേസും നിലവിലുണ്ട്.
നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ രണ്ട് വഞ്ചനാ കേസിലും ഒരു ക്രിമിനൽ കേസിലും പ്രതിയാണ്. ബിനാമി പേരുകളിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആറ് കാറുകൾ ടാക്സി സർവ്വീസ് നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha