പുത്തൂരില്‍ ഏഴുവയസുകാരി ക്രൂര ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ എസ്.ഐയെ ചുമതലകളിൽ നിന്ന് നീക്കി
ക്രൂര ലൈംഗിക പീഡനത്തിനിരയായി കഴുത്തുഞെരിച്ച് റബ്ബർ തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ ഏഴുവയസുകാരിയെ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച വന്നെന്ന് കണ്ടെത്തൽ. തുടർന്ന് ഏരൂർ എസ്.ഐ.ലിസിയെ ചുമതലകളിൽ നിന്ന് നീക്കി. സ്റ്റേഷന്റെ ചുമതലയുള്ള എസ്.എച്ച്.ഒ ആയി ഗോപകുമാർ ചുമതലയേറ്റിട്ടുണ്ട്. കുട്ടിയെ കാണാതായിട്ടും പൊലീസ് വേണ്ടവിധം അന്വേഷിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
പെൺകുട്ടി കൊല്ലപ്പെട്ട എസ്റ്റേറ്റിൽ പൊലീസ് പരിശോധനയ്ക്കെത്തിയത് രാത്രി 10മണിക്ക് മാത്രമായിരുന്നു. കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവുമായ രാഗേഷ് കുട്ടിയുമൊത്ത് എസ്റ്റേറ്റിലേക്ക് പോയതായി പൊലീസിന് രാവിലെ തന്നെ വിവരം ലഭിച്ചിരുന്നു. പ്രതിയുടെ വീടിന് സമീപത്താണ് ആർ.പി.എൽ എസ്റ്റേറ്റ്. എന്നാൽ,
എസ്റ്റേറ്റിൽ പരിശോധന നടത്താൻ പൊലീസ് തയ്യാറായില്ല. രാത്രി മാത്രമാണ് പൊലീസ് എസ്റ്റേറ്റിൽ തിരച്ചിൽ നടത്തിയത്. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടാണ് എസ്.ഐയെചുമതലകളിൽ നിന്ന് നീക്കിയത്. ഏരൂർ ഗവ. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി പുഞ്ചിരിമുക്ക് തെങ്ങുവിള വീട്ടിൽ സുജിയുടെ മകൾ എം.എസ്.ശ്രീലക്ഷ്മിയെയാണ് കുളത്തൂപ്പുഴ ചെറുകര പാതയിൽ ആർ.പി.എൽ എസ്റ്റേറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നിന് മുകളിൽ ആളൊഴിഞ്ഞ ഭാഗത്ത് റബർ തൈകൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഇരുമ്പ് സ്റ്റാൻഡിന് മുകളിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹം.
ഏഴുവയസുകാരിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന രാജേഷിനെക്കുറിച്ചും കൊല്ലപ്പെട്ട ശ്രീലക്ഷ്മിയുടെ അമ്മയുടെ കുടുംബത്തെക്കുറിച്ചും കടുത്ത ആരോപണങ്ങളുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ശ്രീലക്ഷ്മിയുടെ കൊലപാതകം സ്വന്തം അമ്മയുടെ അറിവോടുകൂടിയാരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പുത്തൂർ നിവാസികൾക്കിടയിലെ സ്ഥിരം പ്രശ്നക്കാരായിരുന്ന കുടുംബമായിരുന്നു ഇവരുടേത്. ശ്രീലക്ഷ്മിയുടെ പിതാവും അമ്മയും തമ്മിൽ ഈ കാര്യങ്ങൾ കൊണ്ടുതന്നെ ബന്ധം വേർപിരിഞ്ഞാണ് കഴിയുന്നത്.
കുട്ടിയെ നേടിയെടുക്കാൻ അച്ഛൻ ശ്രമിച്ചിരുന്നെങ്കിലും ശ്രീലക്ഷ്മിയുടെ വീട്ടുകാർ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. കുട്ടി കൊല്ലപ്പെട്ട ദിവസം നാട്ടുകാരിൽ ചിലർ വിവരമറിയിക്കാൻ എത്തിയപ്പോൾ "മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം"? എന്ന് പറഞ്ഞ് ആക്രോശിച്ച് വീട്ടുകാർ നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു. സംഭവം കൈവിട്ടുപോകുന്നെന്ന് മനസ്സിലാക്കിയതോടെ, കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷിനൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന് പറഞ്ഞു തടിയൂരാൻ ശ്രമിച്ചു.
ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് നാട്ടുകാരിൽ നിന്ന് ചോദ്യങ്ങളുയർന്നു... തുടർന്ന് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച ശ്രീലക്ഷ്മിയുടെ കൊലപാതകത്തിൽ ബന്ധുക്കൾക്കുള്ള പങ്ക് തെളിക്കണമെന്ന ആവശ്യം വിവാദമായതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പക്ഷെ ഇത് പിഞ്ച് കുഞ്ഞിനെ കൊന്ന ആ നരാധമരെ രക്ഷിക്കാനുള്ള പോലീസ് തന്ദ്രമാണോ എന്നും ആരോപണങ്ങളുയരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ് മാര്‍ട്ടം നടത്തി മൃതദേഹം വൈകിട്ട് ഏഴോടെ ശ്രീലക്ഷ്മിയുടെ അച്ഛന്റെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. അപ്പോഴും വീട്ടുകാരുടെ രോഷം അടങ്ങിയിരുന്നില്ല, ജീവനില്ലാത്ത കുഞ്ഞിനെയല്ലേ നിന്റെ കൈയിൽ കിട്ടിയതെന്നായിരുന്നു ശ്രീലക്ഷ്മിയുടെ വീട്ടുകാർ കുട്ടിയുടെ അച്ഛനെ വെല്ലുവിളിച്ചതെന്നാണ് നാട്ടുകാരിൽ ചിലർ നൽകുന്ന വിവരങ്ങൾ ... ഏഴുവയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ നടുക്കം വിട്ടുമാറാതിരുന്ന ഏരൂർ ഗ്രാമ നിവാസികളുടെ കൈയിൽ കിട്ടിയ ബന്ധുക്കളെ കാര്യമായി പെരുമാറിയെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha