റിയല്‍ എസ്റ്റേറ്റ് ബ്രോക്കറിന്റെ കൊലപാതകത്തിൽ നിർണായകമായ സംഭവങ്ങൾ ഇതാണ്...
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായത് വെറും പത്ത് മണിക്കൂറിനുള്ളിലാണ്. പഴുതുകളടച്ചുള്ള കൊലപാതകം പാളിപ്പോയത് ക്യാമറക്കണ്ണിലും ദൃക്‌സാക്ഷിക്ക് മുന്നിലുമാണ്. രാജീവ് കൊല്ലപ്പെട്ട വീട്ടുവളപ്പിലെ ജാതിക്കാ പെറുക്കാനെത്തുന്ന ബാബുവാണ് കേസിലെ ദൃക്‌സാക്ഷി.
രാജീവിന്റെ തോട്ടത്തില്‍നിന്ന് വാടകവീട്ടിലേക്കുള്ള റോഡിലെ ഒരുവീട്ടിലെ സിസിടിവിയില്‍ ഓട്ടോറിക്ഷയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതുവഴിയാണ് പ്രതികളെപ്പറ്റിയുള്ള പ്രഥമവിവരം കിട്ടിയത്. കന്യാസ്ത്രീമഠത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ജാതിത്തോട്ടത്തില്‍ വീഴുന്ന കായകള്‍ ശേഖരിക്കുന്നത് സമീപവാസിയായ ബാബുവാണ്. വെള്ളിയാഴ്ച രാവിലെ ആറേമുക്കാവലിനാണ് ജാതിക്കാ പെറുക്കാന്‍ ബാബുവെത്തിയത്.
ആ സമയം വീടിനുള്ളില്‍ ആളനക്കം കേട്ടു. വാടകയ്ക്ക് കൊടുത്തെങ്കിലും താമസക്കാരെത്താത്ത വീട്ടില്‍ എപ്പോഴാണ് ആളെത്തിയതെന്നറിയാന്‍ അകത്തേക്ക് നോക്കിയ ബാബുവിനെ രണ്ടുചെറുപ്പക്കാര്‍ ആക്രോശത്തോടെ ആട്ടിയോടിച്ചു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബാബു, വീടും തൊടിയും നോക്കിനടത്തുന്ന എ.ജെ. ജെയ്‌സണെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ താമസക്കാരെത്തിയ വിവരം തനിക്കറിയില്ലെന്ന് ജെയ്‌സണ്‍ പറഞ്ഞു.
വാടകയ്ക്കുകൊടുത്ത വീടിനോട് തൊട്ടുചേര്‍ന്ന് ചെറിയൊരു വീടും വാടകയ്ക്ക് കൊടുത്തിട്ടുണ്ടായിരുന്നു. അവിടെ താമസിക്കുന്ന കോഴിക്കോട് സ്വദേശി ബാലകൃഷ്ണനുമായി ജെയ്‌സണ്‍ ഫോണില്‍ ബന്ധപ്പെട്ടു. മഹാനവമിയുടെ അവധിയില്‍ നാട്ടിലേക്ക് പോയതാണെന്നും വെള്ളിയാഴ്ച രാവിലെ അറരയ്ക്ക് പുറപ്പെടുംവരെ വീട്ടില്‍ ആരും എത്തിയിട്ടില്ലെന്നും ബാലകൃഷ്ണന്‍ അറിയിച്ചു. പുതിയ താമസക്കാര്‍ എത്തിയവിവരം മഠം അധികൃതര്‍ക്കും അറിയില്ലായിരുന്നു. സാക്ഷികളാരും ഇല്ലാതിരിക്കാന്‍ അയല്‍ക്കാര്‍ പോകുംവരെ കാത്തിരുന്നാണ് പ്രതികള്‍ രാജീവിനെ തട്ടിക്കൊണ്ടുവന്നത്.
മഹാനവമിയായതിനാല്‍ രാജീവിന്റെ തോട്ടത്തിലും വാടകവീട്ടിലും അയല്‍പക്കത്തും ആരുമുണ്ടാകില്ലെന്ന് വിശ്വസിച്ചാണ് പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തതതും. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ഓട്ടോറിക്ഷയിലാണ് നാലുപേര്‍ എത്തിയത്. കൃത്യം നടത്തിയശേഷം വാതില്‍ പൂട്ടി താക്കോല്‍ പൂട്ടിനടുത്തുതന്നെ വെച്ചാണ് സംഘം പോയത്.
https://www.facebook.com/Malayalivartha