ശബരിമല മേല്‍ശാന്തി പദവിയിലേക്ക് അബ്രാഹ്മണരെ പരിഗണിക്കുമോ എന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമല മേല്‍ശാന്തി പദവിയിലേക്ക് അബ്രാഹ്മണരെ പരിഗണിക്കണമോ എന്ന കാര്യത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തീരുമാനിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അബ്രാഹ്മണ അപേക്ഷകരെ ഇന്റര്‍വ്യൂവിന് വിളിച്ചിട്ടില്ലെങ്കിലും അവരുടെ അപേക്ഷ നിരസിച്ചിട്ടില്ല. ഒരു അപേക്ഷകന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ഉത്തരവിന് വിധേയമായാകും അന്തിമപട്ടിക തയ്യാറാക്കുക. കോടതി നിര്‍ദ്ദേശമുണ്ടായാല്‍ ഈ അപേക്ഷകനെ കൂടി അഭിമുഖത്തിന് വിളിക്കും. യോഗ്യത നേടിയാല്‍ നറുക്കെടുപ്പില്‍ പങ്കെടുപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ശബരിമല മേല്‍ശാന്തി നിയമനത്തില്‍ അബ്രാഹ്മണരെ അകറ്റി നിറുത്തുന്ന നിലപാടിയോട് യോജിപ്പില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടതുപക്ഷ അംഗം കെ. രാഘവന്‍ പറഞ്ഞു. ഈ വിഷയം ഇതുവരെ ബോര്‍ഡിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. അര്‍ഹരായവരെ ജാതിപരിഗണന കൂടാതെ പരിഗണിക്കണം. ശബരിമല മേല്‍ശാന്തി നിയമനപ്രശ്‌നം പഠിച്ചശേഷം പ്രതികരിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബന്ധപ്പെട്ടവരുമായി ആലോചിക്കേണ്ടതുണ്ട്.
ദേവസ്വം ബോര്‍ഡുകളിലെ ശാന്തിനിയമനത്തില്‍ പിന്നാക്കക്കാരെ അകറ്റി നിറുത്തുന്നത് അവസാനിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രാവീണ്യമുള്ള എല്ലാവരെയും പരിഗണിക്കേണ്ടതിന് പകരംപ്രത്യേക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത പോലെയാണ് കാര്യങ്ങള്‍. ദേവസ്വം ക്ഷേത്രങ്ങളിലെ ശാന്തിവൃത്തിയില്‍ അബ്രാഹ്മണര്‍ക്ക് അയിത്തമാണ്. എന്നാല്‍ അവരുടെ പണം ഇരുകൈയും നീട്ടി സ്വീകരിക്കും. ശബരിമല പോലുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ കഴിവുള്ള അബ്രാഹ്മണന്‍ പൂജ ചെയ്താല്‍ ദേവചൈതന്യം വര്‍ദ്ധിക്കുകയേയുള്ളൂ. ക്ഷേത്രപ്രവേശന വിളംബരംപോലെ ശ്രീകോവില്‍ പ്രവേശന വിളംബരം വേണ്ടിവരുമെന്നതാണ് സ്ഥിതി. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അബ്രാഹ്മണ ശാന്തിക്കാരന്റെ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അഭിനന്ദനാര്‍ഹമാണ്. ശബരിമലയിലും അത്തരം ഇടപെടലിന് സര്‍ക്കാര്‍ തയ്യാറാകണം.
ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ച അബ്രാഹ്മണര്‍ അയോഗ്യരാണെന്ന് ദേവസ്വം വിജിലന്‍സ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. കോട്ടയം സ്വദേശിയായ അപേക്ഷകന് മറ്റെല്ലാ യോഗ്യതയുമുണ്ടെങ്കിലും മലയാള ബ്രാഹ്മണനല്ലെന്നതിനാല്‍ അയോഗ്യനാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല. അപേക്ഷ നിരസിച്ചിട്ടുമില്ല. ഒക്ടോബര്‍ 5, 6 തീയതികളില്‍ നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് ഇദ്ദേഹത്തെ വിളിച്ചിട്ടില്ല. അതേസമയം അയോഗ്യരായ മറ്റ് ബ്രാഹ്മണ അപേക്ഷകര്‍ക്ക് നിരസിക്കല്‍ അറിയിപ്പ് നല്‍കുകയും ചെയ്തു.
ദേവസ്വം ബോര്‍ഡിന് കീഴിലെ വിജിലന്‍സ് വിഭാഗമാണ് അപേക്ഷകരെക്കുറിച്ച് അന്വേഷിച്ച് യോഗ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. 2002ലെ സുപ്രീംകോടതി ഉത്തരവും 2014ലെ സര്‍ക്കാര്‍ സര്‍ക്കുലറും പ്രകാരം ദേവസ്വം ബോര്‍ഡുകളിലെ ശാന്തിനിയമനത്തിന് ജാതി പരിഗണിക്കാന്‍ പാടില്ല. എങ്കിലും ഇതെല്ലാം അവഗണിച്ചാണ് ശബരിമല മേല്‍ശാന്തി നിയമനം നടത്തിവന്നത്.
സുപ്രീംകോടതി വിധിക്ക് ശേഷം മറ്റ് നിയമനങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജാതിവ്യവസ്ഥയില്ലെങ്കിലും പ്രമുഖ ക്ഷേത്രങ്ങളില്‍ നിന്ന് അബ്രാഹ്മണ ശാന്തിക്കാരെ അകറ്റി നിറുത്താറാണ് പതിവ്. കേരളത്തിലെ മറ്റ് നാല് ദേവസ്വം ബോര്‍ഡുകളിലും ഇതുവരെ അബ്രാഹ്മണരെ ശാന്തിവൃത്തിയില്‍ നിയമിച്ചിട്ടുമില്ല.
https://www.facebook.com/Malayalivartha