ബ്രോക്കര്‍ രാജീവിന് ജീവന്‍ നഷ്ടമായതിന് പിന്നിലെ ഭൂമിയിടപാട് പ്രൊഫസര്‍ മേരി വിധേയത്തിലിന്റെ തോട്ടം; മലയാളിവാര്‍ത്ത റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിങ്ങനെ
പാലക്കാട് മുതലമടയിലെ പതിനേഴര ഏക്കര്‍ മാവിന്‍ത്തോട്ടം ഇടപാടാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനു ജീവന്‍ നഷ്ടപ്പെടുത്തിയത്. വിധവയായ പ്രൊഫസര്‍ മേരി വിധേയത്തിലിന്റെ ഈ തോട്ടം ഏക്കറിന് ഇരുപത്തി ഒന്നു ലക്ഷം രൂപയ്ക്കാണ് സിപി ഉദയഭാനു അന്‍പത് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി എഗ്രിമെന്റ് വച്ചത്. ഇടപാടുകാരന്‍ രാജീവും.
മുഖ്യമായും ബ്ലാക് മണിയാണ് കച്ചവടത്തില്‍ പറഞ്ഞുറപ്പിച്ചത്. മക്കളില്ലാത്ത ടീച്ചറിന് സഹായിയായി നില്ക്കുന്ന കാര്യസ്ഥന് 22 സെന്റ് സ്ഥലവും പത്തുലക്ഷം രൂപയും ടീച്ചര്‍ വാഗ്ദാനം ചെയ്തു. കാര്യസ്ഥനും രാജീവും ചില തലേക്കെട്ടുകള്‍ കൂടി കച്ചവടത്തില്‍ ഉറപ്പിച്ചു.
മിക്ക ദിവസങ്ങളിലും മുതലമടയിലെത്തുന്ന രാജീവ് വില കൂടിയ കാറുകളിലെത്തി മദ്യമൊക്കെ നല്‍കി കാര്യസ്ഥനെ പൂര്‍ണ്ണമായും കയ്യിലെടുത്തു. ടീച്ചറിനും പൂര്‍ണ്ണ വിശ്വാസം. ഇതിനിടയില്‍ കരാറില്‍ കാണിക്കാത്ത പണം പൂര്‍ണ്ണമായും ഉദയഭാനു രാജീവിനെ ഏല്‍പ്പിച്ചതായാണ് കേട്ടു കേള്‍വി. ഇക്കാര്യം പറഞ്ഞ് പലതവണ ഉദയഭാനു ടീച്ചറിനടുത്തെത്തി. അവര്‍ കൈമലര്‍ത്തി. അന്‍പതു ലക്ഷം രൂപയുടെ ഉത്തരവാദിത്വമുണ്ടെന്നും ബാക്കി തുകയെ കുറിച്ചറിയില്ലെന്നുമായി ടീച്ചര്‍.
ഉദയഭാനു പെട്ടു. ഒരു വിധ രേഖയുമില്ല. ഡീമോനിറ്റൈസേഷനില്‍ താനും പെട്ടെന്ന് രാജീവ് തുക തിരിച്ചു തരണമെന്നായി ഉദയഭാനു. പക വളര്‍ന്നു. ഉറ്റ സുഹൃത്ത് ചക്കര ജോണിയെയും കൂട്ടി വക്കീല്‍ ഭീഷണിയുയര്‍ത്തി. ചക്കര ജോണി വഴി നടത്തിയ ക്വട്ടേഷന്‍ പാളി. രാജീവിനെ കൊണ്ട് ഒപ്പിട്ടു വാങ്ങാനുള്ള കരാര്‍ പോലും തയ്യാറാക്കിയത് ഉദയഭാനു വക്കീലാണെന്നും കണ്ടെത്തി. ഇതെല്ലാം ഉദയഭാനുവിനെ കുടുക്കുന്ന ശക്തമായ തെളുവുകളാണ്.
പോലീസ് തോട്ടം കാര്യസ്ഥനെ ചോദ്യം ചെയ്യാനായി ഇന്നു വിളിപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ സ്വാധീനത്തിനായി ചിലര്‍ ശ്രമിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ടീച്ചറും പെട്ടു. ഉദയഭാനുവിന്റെ മിക്ക ഭൂമിയിടപാടുകളിലെയും ബ്രോക്കറോ പങ്കാളിയോ ഒക്കെ ആയിരുന്ന രാജീവ് ചക്കര ജോണിയുടെയും വിശ്വസ്ഥനായിരുന്നു.
പൂജ്യത്തില്‍ നിന്നു കോടികള്‍ നേടിയെടുത്ത രാജീവിന്റെ വളര്‍ച്ചയില്‍ ഇരുവര്‍ക്കും വലിയ പകയായിരുന്നു.
അതേസമയം രാജീവിന്റെ വീട്ടില്‍ അഡ്വ.സി.പി.ഉദയഭാനു പല തവണ വന്നതിന് തെളിവ് ലഭിച്ചു. രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഗൂഢാലോചന കേന്ദ്രീകരിച്ചാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും ഒളിവില്‍ താമസിച്ചത് വടക്കഞ്ചേരിയിലെ എസ്‌റ്റേറ്റിലെന്ന് പൊലീസ്. മൂന്ന് ദിവസമാണ് ഇരുവരും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത്.
മൂന്ന് രാജ്യങ്ങളിലെ വിസ കൈവശമുള്ള ജോണി, കോയമ്പത്തൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനായിരുന്നു ശ്രമിച്ചത്. ഭൂമിയിടപാടുകാരനായ സുധന്റെ കാറില്‍ ജോണിയും രഞ്ജിത്തും വടക്കഞ്ചേരിയിലെത്തി. ഇവിടെ ജോണിക്ക് കൂടി പങ്കാളിത്തമുള്ള കിഴക്കഞ്ചേരി കൊന്നയ്ക്കല്‍കടവിലെ എസ്‌റ്റേറ്റില്‍ ഒളിവില്‍ കഴിഞ്ഞാണ് കോയമ്പത്തൂര്‍ വഴി വിദേശത്തേക്ക് കടക്കാന്‍ നീക്കം നടത്തിയത്.
കൊലപാതകത്തിന് ശേഷം ജോണിയും കൂട്ടാളിയും കാലടിയിലേക്കാണ് പോയത്. അവിടെ നിന്നാണ് പാലക്കാട്ടേക്ക് പോയത്. സുധന്റെ കാറിലാണ് ജോണിയും രഞ്ജിത്തും രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞ പൊലീസ്, കാറിന്റെ അടയാളങ്ങള്‍ സഹിതം എല്ലാ സ്‌റ്റേഷനുകളിലേക്കും വിവരം നല്‍കി. നെന്മാറ പൊലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് ഈ കാര്‍ തിരിച്ചറിഞ്ഞു. ജോണിയുടെ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന പൊലീസ് വടക്കഞ്ചേരിയിലെ എസ്‌റ്റേറ്റ് വളഞ്ഞ് ഇരുവരെയും പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha