അറസ്റ്റ് ഭയന്ന് സി.പി.ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്...
ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.പി.ഉദയഭാനുവിനെതിരേ ശക്തമായ തെളിവുകൾ കിട്ടിയ സാഹചര്യത്തിൽ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ഇന്ന് തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്. അഡ്വ.ബി.രാമന്‍പിള്ള മുഖേനയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത്. അതേസമയം ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ അഡ്വ.സി.പി.ഉദയഭാനു പല തവണ വന്നതിന് പൊലീസിന് തെളിവ് ലഭിച്ചു.
രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. മറ്റ് നിര്‍ണായക തെളിവുകളും പൊലീസിന്റെ പക്കലുണ്ടെന്നാണ് വിവരം. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഗൂഢാലോചന കേന്ദ്രീകരിച്ചാണ് കൊലപാതക അന്വേഷണം പുരോഗമിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്ത അങ്കമാലി സ്വദേശിക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. ഉദയഭാനുവിനെതിരെ പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചിരുന്നു .
പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെതിരെ പരാമര്‍ശമുണ്ട്. രാജീവിനെ തട്ടിക്കൊണ്ടുപോയത് അഭിഭാഷകന്റെകൂടി ആവശ്യപ്രകാരമാണെന്ന് മൂന്ന് പ്രതികളും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഉദയഭാനുവിനെതിരെ അന്വേഷണം തുടരുകയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് ഇന്നലെ അറിയിച്ചു. അറസ്റ്റിലായ പ്രതികള്‍ ചക്കര ജോണിയും രഞ്ജിത്തും ചോദ്യംചെയ്യലിനോട് തുടക്കത്തില്‍ സഹകരിച്ചിരുന്നില്ല.
കൊല നടന്ന ദിവസം അഡ്വ. സി.പി.ഉദയഭാനുവിനെ നിരവധി തവണ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് പ്രതികള്‍ കൃത്യമായ മറുപടിയും നല്‍കിയില്ല. ഇരുവരുടേയും ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയായിരുന്നു പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. അതേസമയം, കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു. ചക്കര ജോണിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി സുധനാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കേസില്‍ ഇതുവരെ ഏഴ് പേര് അറസ്റ്റിലായി.
ഉദയഭാനുവിനും കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ട രാജീവിന്റെ മകന് അഖിലാണ് പൊലീസില്‍ പരാതി നല്‍കിയത്. അഭിഭാഷകനും ജോണിയും ചേര്‍ന്ന് ഒട്ടേറെ തവണ അച്ഛനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി അച്ഛന്റെ മരണത്തിന് മുന്‍പ് തന്നെ പല തവണ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉളളവര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും അഖില്‍ പറയുന്നു.
https://www.facebook.com/Malayalivartha