ഗണേഷിന്റെ രാജി ഇനി മുഖ്യമന്ത്രി തീരുമാനിക്കും, നിലപാടില്‍ മാറ്റമില്ലെന്ന് പി.സി. ജോര്‍ജ്, രാജിക്ക് തയ്യാറാണെങ്കില്‍ തടയേണ്ടതില്ല
ആകാംക്ഷയ്‌ക്ക് വിരാമമിട്ട് വനംമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് യു.ഡി.എഫ്. നേതാക്കളുടെ ധാരണ. ഗണേഷ് കുമാറിന്റെ രാജി യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടില്ല. ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ യോഗം ചുമതലപ്പെടുത്തി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് യു.ഡി.എഫ്.യോഗത്തിന് മുമ്പ് നടന്ന കക്ഷിനേതാക്കളുടെ യോഗത്തില്‍ ധാരണയെത്തിയിരുന്നു.
എന്നാല്‍ പി.സി ജോര്‍ജും അച്ഛനും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണെന്നും ഈ നിലയില്‍ മന്ത്രിസഭയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും യു.ഡി.എഫ്.യോഗത്തില്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. മുഖ്യമന്ത്രി നിര്‍ദേശിച്ചാല്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവച്ച് ജനവിധിക്ക് തയ്യാറാണെന്നും ഗണേഷ് വ്യക്തമാക്കി. രാജിക്ക് തയ്യാറാണെങ്കില്‍ തടയേണ്ടതില്ലെന്ന് പി.സി ജോര്‍ജും യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിഷയം നേരത്തെ ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തിയതാണെന്നും ഇനി ഉന്നയിക്കേണ്ടെന്നും യുഡിഫ് കണ്‍വീനര്‍ അറിയിച്ചു.
ഗണേഷിനെതിരെ ആരോപണം ഉന്നയിച്ച ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെയും നടപടിയുണ്ടാകില്ല. ഇതുസംബന്ധിച്ച് പരസ്യ പ്രസ്താവനകള്‍ വേണ്ടെന്നും മുന്നണിയുടെ ഐക്യത്തിന് പ്രാധാന്യം നല്‍കാനും ധാരണയായി. അതേസമയം, താന്‍ നിലപാടില്‍ നിന്ന് മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുന്നത് കാക്കുകയാണെന്നും യു.ഡി.എഫ്.യോഗത്തിന് ശേഷം പി.സി.ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
മന്ത്രിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) നല്‍കിയ കത്തിനെക്കുറിച്ച് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആര്‍ . ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്താനും യു.ഡി.എഫ്.യോഗത്തില്‍ തീരുമാനമായി.
വ്യാഴാഴ്ച രാവിലെ ഉമ്മന്‍ചാണ്ടിയും പി.സി. ജോര്‍ജും കാഴ്ച നടത്തിയിരുന്നു. അപ്പോഴാണ് പി.സി.ജോര്‍ജിനെ മുഖ്യമന്ത്രി അനുനയിപ്പിച്ചത്.
സ്ത്രീവിഷയം ഉന്നയിച്ച് ഗണേഷിന്റെ രാജി ആവശ്യപ്പെടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിതന്നെ രാജി സന്നദ്ധത അറിയിച്ച് ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി നിഷ്പക്ഷമായി അന്വേഷിക്കണമെന്നും വിവാഹേതര ബന്ധത്തിന്റെ പേരില്‍ തനിക്ക് മര്‍ദ്ദനമൊന്നും ഏല്‍ക്കേണ്ടിവന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാല്‍, ഭാര്യയുമായി ചില ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന കാര്യം ഗണേഷ് മുഖ്യമന്ത്രിയോട് സമ്മതിച്ചു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്നും മന്ത്രിസ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha