അമിത് ഷായുടെ പിണറായി യാത്ര റദ്ദാക്കി... പിണറായി ടൗണിലും പരിസരത്തും സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് നടത്താനിരുന്ന പിണറായി യാത്ര റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം വ്യാഴാഴ്ച വൈകിട്ടുനടക്കുന്ന പൊതുസമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെയുള്ള യാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിയിച്ചതിനാല്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ധര്‍മടത്തെ മമ്പറം ടൗണില്‍ തുടങ്ങി. ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണു യാത്രയിലെ മുഖ്യാതിഥി. പദയാത്ര വൈകുന്നേരം തലശ്ശേരിയില്‍ സമാപിക്കും. കനത്തസുരക്ഷയാണു പദയാത്ര കടന്നുപോകുന്ന വഴികളില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്.
ജനരക്ഷായാത്രയുടെ പര്യടനം പ്രമാണിച്ചു പിണറായി ടൗണിലും പരിസരത്തും സിപിഎം ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹര്‍ത്താല്‍ ആരംഭിച്ചു. കടകള്‍ തുറന്നിട്ടില്ല. റോഡില്‍ ആളനക്കവും കുറവാണ്. പാര്‍ട്ടി ഓഫീസും വായനശാലകളും മാത്രമാണു തുറന്നിരിക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടും ബലിദാനി രമിത്തിന്റെ വീടും കനത്ത പോലീസ് വലത്തിലാണ്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൂടെ 41.5 കിലോമീറ്റര്‍ പദയാത്രയാണു ബിജെപിയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha