പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ വകുപ്പ് മാറ്റാൻ സി പി എമ്മിൽ സമ്മർദ്ദം; മന്ത്രി നേരിടുന്നത് പാർട്ടിയുടെ പോക്കറ്റ് കാലിയാക്കിയെന്ന ആരോപണം
പാർട്ടിയുടെ പോക്കറ്റ് കാലിയാക്കിയെന്ന ആരോപണത്തിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ വകുപ്പ് മാറ്റാൻ സി പി എമ്മിൽ സമ്മർദ്ദം. ഇ.പി.ജയരാജനെ മന്ത്രിയാക്കുകയാണെങ്കിൽ അദ്ദേഹത്തിന് പൊതുമരാമത്ത് നൽകിയാലെന്തെന്നും ആലോചിക്കുന്നുണ്ട്. കടകംപള്ളി സുരേന്ദ്രനിൽ നിന്നും സഹകരണം ദേവസ്വവും സുധാകരന് നൽകിയാലെന്തെന്നും ആലോചനകൾ മുറുകുന്നു. മുമ്പ് സുധാകരൻ സഹകരണ, ദേവസ്വം മന്ത്രിയായിരുന്നു.
സുധാകരൻ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ നിരന്തരം ചീത്ത പറയുന്ന പശ്ചാത്തലത്തിലായിരിക്കും നടപടി. കലാകൗമുദി വാരികക്ക് സുധാകരൻ നൽകിയ അഭിമുഖത്തിൽ പൊതുമരാമത്തിലെ ജീവനക്കാർ കരാർ തുകയുടെ നാൽപ്പത് ശതമാനം പോക്കറ്റിലാക്കുന്നതായി പറഞ്ഞിരുന്നു. ഇത്തരത്തിൽ സ്വന്തം വകുപ്പിനെതിരെ സംസാരിക്കരുതെന്ന് പലരും മന്ത്രിയെ ഉപദേശിച്ചിരുന്നു. എന്നാൽ മന്ത്രി പറയുന്നത് പലതും ഉദ്യോഗസ്ഥർ കേൾക്കാറില്ല. മന്ത്രിയാണെങ്കിൽ ഇതിൽ പ്രകോപിതനാണ്. ദേഷ്യം കൊണ്ട് നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം.
പൊതുമരാമത്തിൽ നിന്നും ഒരു മാറ്റം സുധാകരൻ ആഗ്രഹിക്കുന്നുണ്ട്. വകുപ്പ് ഏറ്റെടുക്കാൻ ആദ്യം അദ്ദേഹം വിസമ്മതിച്ചിരുന്നു. എന്നാൽ പിണറായിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. അഴിമതി രഹിത മുഖമുള്ള മന്ത്രിയെയാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിന് സുധാകരനോളം പറ്റിയ ഒരാളില്ലെന്ന് പിണറായിക്കറിയാമായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ മന്ത്രിസഭയിൽ മാറ്റം വരും. തോമസ് ചാണ്ടിക്കെതിരായ ആരോപണം തെളിയിക്കപ്പെട്ടാൽ അദ്ദേഹം പുറത്താകും. ജയരാജൻ മന്ത്രി സഭയിൽ തിരിച്ചെത്തും. വകുപ്പുകളിൽ സമഗ്രമായ മാറ്റമാണ് പിണറായി ഉദ്ദേശിക്കുന്നത്. മന്ത്രിസഭയുടെ ഇമേജ് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
സുധാകരനെ പൊതുമരാമത്തിൽ തന്നെ നിലനിർത്താനാണ് മുഖ്യന് ആഗ്രഹം. കഴിഞ്ഞ ദിവസം നടന്ന വകുപ്പുതല യോഗത്തിൽ മന്ത്രിയുടെ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത് . എന്നാൽ പാർട്ടിയുടെ വരുമാനമാർഗമാണ് കരാറുകാരും എഞ്ചിനീയർമാരും. അവരുടെ വയറ്റത്തടിച്ചാൽ പാർട്ടിക്ക് പണി കിട്ടും. അതിനാൽ കുഴപ്പമില്ലാത്ത ഒരാളെ മന്ത്രി സ്ഥാനത്ത് എത്തിക്കാനാണ് പാർട്ടിയുടെ ആലോചന.
https://www.facebook.com/Malayalivartha