സോളാര്‍ ആഘാതത്തില്‍ തകര്‍ന്ന് എ ഗ്രൂപ്പ്
സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ നില പരിതാപകരമായി. സംഘടനാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീരുമാനിച്ചിരുന്ന തന്ത്രങ്ങളെല്ലാം പാളി. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഗ്രൂപ്പ് ഉയര്‍ത്തിക്കാട്ടാന്‍ ആലോചിച്ചിരുന്ന ബെ്ന്നി ബഹാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സോളാര്‍ കുരുക്കില്‍ പെട്ടു. ഇതോടെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിന് മേല്‍ക്കൈ നേടാനാവും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടിയുടെയും പാര്‍ലമെന്ററി പാര്‍ട്ടിയുടെയും പ്രധാനസ്ഥാനങ്ങള്‍ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി നേരത്തേ നിലപാടെടുത്തിരുന്നു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൊതുവേ ഉമ്മന്‍ചാണ്ടിയോടും അദ്ദേഹത്തിന്റെ നിലപാടുകളോടും ആഭിമുഖ്യമില്ലാത്ത രാഹുല്‍ വിഷയത്തില്‍ പെട്ടെന്ന് ഇടപെട്ടത് എ ഗ്രൂപ്പിന് ആശങ്കയുണ്ട്. കാരണം അടുത്തിടെ ഒരു വിദേശസര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മകന്റേതടക്കമുള്ള അഴിമതികള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ അഴിമതിക്കേസും ബലാല്‍സംഗക്കേസും എടുക്കുന്ന സാഹചര്യത്തില്‍ ഇത് തിരിച്ചടിയാകുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. രാഹുലിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് ഐ ഗ്രൂപ്പ് തലവന്‍ രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. എ.കെ ആന്റണിയും ഇത് സംബന്ധിച്ച് രാഹുല്‍ഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുമായി മാനസികമായി അത്ര അടുപ്പത്തിലല്ലാത്തിനാല്‍ ആന്റണിയുടെ നിലപാടും എ ഗ്രൂപ്പിന് അനുകൂലമാകില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്റെ ഗ്രൂപ്പിലുളളവരെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചിരുന്നു. അതിനായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടു. ഇതിന് ഹൈക്കമാന്‍ഡ് തുടക്കത്തില്‍ വഴങ്ങിയില്ലെങ്കിലും പിന്നീട് അനുകൂല നിലപാട് സ്വീകരിച്ചു. സോളാര്‍ വിവാദത്തെ തുടര്‍ന്ന് സ്ഥാനാര്‍സ്ഥിത്വം നിഷേധിച്ച ബെന്നിബഹാനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും ഇതോടെ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഐ ഗ്രൂപ്പുമായി കൂടിയാലോചിച്ച് കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന വി.എം സുധീരനെ സമ്മര്‍ദ്ദത്തിലാക്കി. അദ്ദേഹം സ്വയം ഒഴിയുകയും ചെയ്തു. ഇതോടെ പാര്‍ട്ടി പിടിച്ചെടുക്കാന്‍ നടത്തിയ പടപ്പുറപ്പാടുകളെല്ലാം പാഴായി.
https://www.facebook.com/Malayalivartha