കോണ്‍ഗ്രസിനെ തകര്‍ക്കാനും ബി.ജെ.പിയെ വളര്‍ത്താനും മുഖ്യമന്ത്രി ശ്രമിക്കുന്നു: ചെന്നിത്തല
![](https://www.malayalivartha.com/assets/coverphotos/w657/73779_1507803168.jpg)
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മുഖ്യമന്ത്രി മാധ്യങ്ങള്‍ക്ക് നല്‍കിയത് കോണ്‍ഗ്രസിനെ തകര്‍ക്കാനും ബി.ജെ.പിയെ വളര്‍ത്താനും വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സോളാര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് വിളിച്ച ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. നിയമവിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് എടുത്തത് രാഷ്ട്രീയ പകപോക്കലാണ്. തകര്‍ന്നു കൊണ്ടിരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ് വേലയാണിതെന്നും ചെന്നിത്തല ആരോപിച്ചു. റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടിയും മുന്നണിയും പ്രചരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മകനെതിരെ കോഴവിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ അവരെ സഹായിക്കാനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും മുമ്പ് കേസ് എടുക്കുന്നത്. കേരളത്തിലെ ബി.ജെ.പി നേതാക്കളെ മെഡിക്കല്‍ കോഴയില്‍ നിന്ന് സി.പി.എം രക്ഷിച്ചത് ഒരു കൊലപാതകം നടത്തിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ജനരക്ഷായാത്രയ്ക്ക് കേരളത്തിലെത്തിയ അമിത്ഷായ്ക്ക് പിണറായി സര്‍ക്കാര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. ബി.ജെ.പിയെ ശക്തിപ്പെടുത്താനുള്ള പിണറായിയുടെ ശ്രമം ജനം തള്ളിക്കളയും. 134 കമ്മീഷന്‍ റിപ്പോര്‍ട്ടുകളാണ് ഇതുവരെ കേരളത്തിലുണ്ടായിട്ടുള്ളത്. അതിലൊന്നും സ്വീകരിക്കാത്ത അസാധാരണമായ നടപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇതില്‍ സംശയമുണ്ടെന്നും എം.വി രാഘവനെതിരെ കൂത്ത്പറമ്പ് വെടിവെയ്പ്പില്‍ അന്വേഷണം നടത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതി റദ്ദാക്കിയ ചരിത്രം പിണറായി മറക്കരുതെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.
റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങളില്‍ പോലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 32 കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പാടില്ല. സോളാര്‍ ഇടപാടില്‍ വഞ്ചിക്കപ്പെട്ടവരാരും കമ്മീഷന് മുന്നില്‍ തെളിവ് നല്‍കിയിട്ടില്ല. വഞ്ചിക്കപ്പെട്ടവര്‍ക്ക് പണം തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയതിനെ കേസ് ഒതുക്കി എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. ആറരക്കോടി രൂപ നിയമവിരുദ്ധമായി കൈപ്പറ്റി എന്നതാണ് സോളാര്‍ കമ്മീഷന്‍ അന്വേഷിച്ചത്. ടേംസ് ഓഫ് റഫറന്‍സില്‍ ഇല്ലാത്ത കാര്യങ്ങളെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കെ.സി വേണുഗോപാല്‍ എം.പിക്കെതിരെ മൊഴിനല്‍കാന്‍ 10 ലക്ഷം രൂപ തരാമെന്ന് സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി പറഞ്ഞതായി സരിത ജയ്ഹിന്ദ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത് മാറ്റിപ്പറഞ്ഞതായി അറിവില്ല. അതിനാല്‍ ഇപ്പോഴത്തെ നടപടി രാഷ്ട്രീയ പകപോക്കലാണ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടിയ ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha