സാംസ്‌കാരിക കേരളം പൊറുക്കുക, ഇതിഹാസകാരന്‍ ഒ.വി. വിജയന്റെ പ്രതിമ തകര്‍ത്തു
കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍ മുറ്റത്ത് നിര്‍മ്മിച്ച സ്മൃതി വനത്തിലെ ഒ.വി. വിജയന്റെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. പ്രതിമയുടെ മൂക്ക് ചെത്തിക്കളഞ്ഞ നിലയിലാണ്. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കുശേഷം കഴിഞ്ഞ ആഴ്ചയാണ് സ്മൃതിവനത്തില്‍ വിജയന്റെ പ്രതിമ സ്ഥാപിച്ചത്.
പൂര്‍വ്വവിദ്യാര്‍ഥിയായ ഒ.വി.വിജയന് കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്മാരകം പണിയുന്നതിന് അനുമതി നിഷേധിച്ച നിലപാടും മുസ്ലീംലീഗ് പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പും വളരെയേറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഒ.വി. വിജയന്റെ പ്രതിമസ്ഥാപിച്ചതിനെതിരെ നഗരസഭയുടെയും മുസ്ലീംലീഗിന്റെയും നിലപാടിനെ ചോദ്യംചെയ്ത് പുരോഗമനപ്രസ്ഥാനങ്ങളും സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തുള്ളവരും രംഗത്തുവന്നു.
നിയോജകമണ്ഡലം എം.എല്‍.എ.യായ എം.പി. അബ്ദുസ്സമദ് സമദാനി വിഷയത്തില്‍ ഇടപെട്ട് സ്‌കൂള്‍നഗരസഭാ അധികൃതരുമായി ചര്‍ച്ചനടത്തുകയും സ്മാരകം നിലനിര്‍ത്തിക്കൊണ്ട് അനുമതി നല്‍കാന്‍ ധാരണയാവുകയുമായിരുന്നു.
1940 കളില്‍ രാജാസ് ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥിയായിരുന്ന ഒ.വി. വിജയന് സ്മൃതിവനം ഒരുക്കി അദ്ദേഹത്തിന്റെ ശില്പം നിര്‍മ്മിയ്ക്കുന്നതിനുള്ള ആശയം മുന്നോട്ടുവെച്ചത് സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയായിരുന്നു. ഇതിന് പി.ടി.എ. യുടെ പിന്തുണയുമുണ്ടായി. വിജയന്റെ അര്‍ദ്ധകായ ഛായാചിത്രം,ശില്‍പ്പങ്ങള്‍, കൂമന്‍കാവ് ഉള്‍പ്പെടെയുള്ള ഖസാക്കിന്റെ ഇതിഹാസത്തിലെ നോവല്‍ പശ്ചാത്തലങ്ങള്‍, 100 ഓളം വിദ്യാര്‍ഥികള്‍ക്ക് ഇരിപ്പിടങ്ങള്‍, കാര്‍ട്ടൂണ്‍ ബോര്‍ഡ് എന്നിവയാണ് സ്മൃതി വനത്തിലുള്ളത്.
നഗരസഭയില്‍നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് സ്മാരകത്തിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നായിരുന്നു നഗരസഭാ അധികൃതരുടെ നിലപാട്. അതിനുശേഷം പ്രതിമസ്ഥാപിക്കുന്നതിനെതിരെ പ്രാദേശിക മുസ്ലീംലീഗ് നേതൃത്വവും രംഗത്ത്‌വന്നതോടെയാണ് സ്മാരകനിര്‍മ്മാണം വിവാദമായത്.
https://www.facebook.com/Malayalivartha