അവരുടെ ഉള്ളിലും മനുഷ്യത്വമുണ്ട്, അവര്‍ ഞങ്ങളോട് മാന്യമായി പെരുമാറി, വെള്ളവും ഭക്ഷണവും നല്‍കി
തീവ്രവാദികള്‍ സഹോദരന്മാരെ പോലെ വളരെ മാന്യമായിട്ടാണ് പെരുമാറിയതെന്ന് നഴ്‌സുമാര്‍ ഇര്‍ബില വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവും നല്‍കി. നിങ്ങളല്ല അവരുടെ ലക്ഷ്യമെന്നും തീവ്രവാദികള്‍ പറഞ്ഞതായും നഴ്‌സുമാര്‍ പറഞ്ഞു.
സുന്നി വിമത തീവ്രവാദികളുടെ കൈയ്യില്‍ നിന്നും തങ്ങള്‍ ഉടനൊന്നും രക്ഷപ്പെടില്ലെന്നു തന്നെയാണ് സംഘത്തിലുണ്ടായിരുന്ന എല്ലാ നഴ്‌സുമാരും കരുതിയത്. തിക്രിയിലെ ആശുപത്രി കെട്ടിടത്തില്‍ ജീവന്‍ പണയംവെച്ച് കഴിഞ്ഞ നാളുകള്‍ ഓര്‍ക്കാന്‍ കൂടി വയ്യ. നാടും നാട്ടുകാരും ബന്ധുക്കളുമെല്ലാം ഒരു വിദൂര സ്വപ്‌നം മാത്രം. അപ്പോഴാണ് വിമതര്‍ ആശുപത്രിയിലെത്തി നഴ്‌സുമാരെ വാഹനത്തില്‍ കയറ്റിയത്. അതോടെ തങ്ങള്‍ ബന്ധിയാക്കപ്പെട്ടു എന്നാണ് പലരും കരുതിയത്. ഇറാഖി പട്ടാളക്കാരെ വധിച്ചതിന്റെ ഭീകരമുഖം നഴ്‌സുമാരെ ഭീതിയിലാഴ്‌ത്തി.
വാഹനം നിറയെ തോക്കുധാരികള്‍, വഴിയിലുടനീളം ബോംബ് സ്‌ഫോടനങ്ങള്‍, സൈന്യത്തിന്റെ അക്രമണസാധ്യത... ഇതെല്ലാം അതിജീവിച്ചു മൊസൂളിലെത്തുമ്പോള്‍ പ്രാദേശികസമയം ഏഴര കഴിഞ്ഞു. യാത്രാമധ്യേ ഭക്ഷണം കഴിക്കാനും വീട്ടിലേക്കു വിളിക്കാനും സൗകര്യമൊരുക്കിയ വിമതര്‍ നോമ്പുതുറ സമയത്തു വാഹനം നിര്‍ത്തിയിട്ടു. മൊസൂളിലെ ആശുപത്രിക്കു സമീപമുള്ള പഴയ കെട്ടിടത്തിലാണ് ഇവര്‍ക്കു താമസമൊരുക്കിയത്.
വൈദ്യുതിയില്ലാത്ത, ഇരുട്ടുനിറഞ്ഞ മുറിയില്‍ തോക്കേന്തിയ വിമതരുടെ കാവലിലായിരുന്നു ഏതാനും മണിക്കൂര്‍. അതുവരെ കിട്ടിയ സഹാനുഭൂതിയെല്ലാം പൊയ്‌പ്പോകുമോയെന്നു ഭയന്നത് അപ്പോള്‍ മാത്രമായിരുന്നു.
രണ്ടു മണിക്കൂറിനുശേഷം എല്ലാവരെയും തൊട്ടടുത്ത എ.സി. ഹാളിലേക്കു മാറ്റി. ഭക്ഷണവും കിടക്കാന്‍ മെത്തയും നല്‍കി. വിമതര്‍ ഉപദ്രവിക്കില്ലെന്ന് ഉറപ്പായതോടെ സമാധാനമായി കിടന്നുറങ്ങി. നേരം പുലര്‍ന്നപ്പോള്‍ വിമതര്‍, വിമാനത്താവളത്തിലേക്കു പോകുന്ന കാര്യങ്ങള്‍ സംസാരിക്കുന്നതു കേട്ടു.
ഉച്ചയ്‌ക്കു പന്ത്രണ്ടായപ്പോള്‍ വിമതര്‍ എത്തി, പെട്ടെന്നു തയാറാകണമെന്നും വാഹനം എത്തിയെന്നും അറിയിച്ചു. എവിടേക്കെന്നു പറഞ്ഞില്ല. വാഹനത്തില്‍ കയറിയശേഷമാണ് ഇര്‍ബിലിലേക്കാണു യാത്രയെന്നു പറഞ്ഞത്. ഇര്‍ബിലില്‍ എത്തുന്നതിനു മുമ്പ് ഒരു ജംഗ്‌ഷനില്‍ നിര്‍ത്തി, അവിടുത്തെ ഒരു കെട്ടിടത്തിലാക്കി സംഘം മടങ്ങി. മറ്റൊരു വാഹനവും ഏര്‍പ്പാടാക്കിയിരുന്നു. മൂന്ന് ചെക്‌പോസ്‌റ്റുകള്‍ കടന്ന് ഇര്‍ബിലില്‍ എത്തിയപ്പോഴേക്ക് ഇന്ത്യന്‍ എംബസി താമസത്തിനു ഹോട്ടല്‍ സൗകര്യം ഒരുക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha