സ്വര്‍ണത്തിന്റെ രക്ത നിറം... കടത്തിക്കൊണ്ടുവന്ന സ്വര്‍ണവുമായി മുങ്ങാന്‍ ശ്രമിച്ച രണ്ട് മലയാളി യുവാക്കളെ ക്വട്ടേഷന്‍ സംഘം കൊന്ന് കുഴിച്ചുമൂടി
കടത്തിക്കൊണ്ടുവന്ന 4.5 കിലോ സ്വര്‍ണവുമായി മുങ്ങാന്‍ ശ്രമിച്ച രണ്ട് മലയാളി യുവാക്കള്‍ മംഗലാപുരത്ത് കൊല്ലപ്പെട്ടു. യുവാക്കളെ മംഗലാപുരം നഗരത്തിനു സമീപം ക്വട്ടേഷന്‍ സംഘം കൊന്ന് കാസര്‍ഗോഡു ബേഡകത്തു കൊണ്ടുവന്നു കുഴിച്ചുമൂടി. സ്വര്‍ണക്കടത്ത് കാരിയര്‍മാരായ തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി നസീര്‍ (24), കോഴിക്കോട് കുറ്റിച്ചിറ തൃക്കോവില്പള്ളി സ്വദേശി ഫഹീം (22) എന്നിവരാണു കൊല്ലപ്പെട്ടത്.
സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളായ ഇരുവരും ഇടപാടില്‍ വിശ്വാസലംഘനം നടത്തിയതാണ് കൊലപാതക കാരണം.
കാരിയര്മാരായിരുന്ന യുവാക്കള്‍ 4.5 കിലോ സ്വര്‍ണവുമായി മുങ്ങിയതിനേത്തുടര്‍ന്ന് സ്വര്ണക്കടത്തുകാര് ക്വട്ടേഷന്‍സംഘത്തിന്റെ സഹായം തേടുകയായിരുന്നു. ഇവരെ മംഗലാപുരത്തുവച്ചു കണ്ടെത്തിയ ക്വട്ടേഷന്‍ സംഘം വകവരുത്തിയശേഷം കാസര്‍ഗോഡ് ബേഡകം പോലീസ് സ്റ്റേഷന്റെ പരിധിയില്‍ കൊണ്ടുവന്നു കുഴിച്ചിടുകയായിരുന്നു.
ഇരുവരും ദുബായിലാണെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. ഇവരെ അന്വേഷിച്ച് പോലീസ് എത്തിയപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്.
കാണാതായ സ്വര്‍ണം കാസര്‍ഗോഡുള്ള രണ്ടു ജൂവലറികളില്‍ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത ബന്ധമുള്ളവരടക്കം നാലു യുവാക്കളെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസര്‍ഗോഡ് സ്വദേശിയായ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ മകനും തലശേരിയിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകനും ഉള്‍പ്പെടെയുള്ളവരാണു കസ്റ്റഡിയിലുള്ളതെന്നു സൂചന. മറ്റൊരാള്‍ കാസര്‍ഗോഡെ ജുവലറി ജീവനക്കാരനാണ്.
കൊലപാതകം നടന്നുവെന്ന് ശനിയാഴ്ച രാവിലെ കണ്ടെത്തിയെങ്കിലും ഇന്നലെയാണ് പുറത്തറിഞ്ഞത്. എന്നിട്ടും പോലീസ് വിവരം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha