കനത്ത സുരക്ഷയില്‍ രണ്ട് വര്‍ഷത്തിന് ശേഷം മദനി കേരളത്തിലേക്ക്, പത്രക്കാരേയോ പാര്‍ട്ടിക്കാരേയോ കാണാന്‍ പാടില്ല, യാത്ര വൈകുന്നു
ഒരു നൊയമ്പ് നാളില്‍ പി.ഡി.പി. നേതാവ് അബ്‌ദുള്‍ നാസര്‍ മദനിയെ കര്‍ണാടക അറസ്റ്റ് ചെയ്‌ത് കൊണ്ട് പോയത് വലിയ വാര്‍ത്തയായിരുന്നു. താന്‍ ജീവനോടെ തിരിച്ചു വന്നാല്‍ അത് അല്ലാഹുവിന്റെ കൃപയായിരിക്കുമെന്ന് യാത്രാ വേളയില്‍ മദനി പറഞ്ഞിരുന്നു. അങ്ങനെ മദനിക്ക് ജാമ്യം ലഭിച്ചു. മദനി ജാമ്യത്തിലിറങ്ങിയെങ്കിലും ബ്യൂറോ ഓഫ് ഏവിയേഷന്റെ ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര വൈകുകയാണ്. വൈകിട്ട് 6:40നുള്ള വിമാനത്തില്‍ ആയിരിക്കും മദനി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുക. ബാംഗ്ലൂരില്‍ നിന്ന് ചെന്നൈ വഴി രാത്രി 9:40 ഓടെ മദനി തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങും.
മദനി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നത്. രാവിലെ ആറ് മണിയോടെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മദനി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യാത്ര അനിശ്ചിത്വത്തിലായത്. മദനിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോസ്ഥരുടെ ആയുധങ്ങള്‍ വിമാനത്തില്‍ കയറ്റാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാത്ര വൈകിയത്. തടവുപുള്ളിയെ കൊണ്ടുപോകുമ്പോഴുള്ള രേഖകള്‍ കൈമാറുന്നതില്‍ കര്‍ണാടക പൊലീസ് വീഴ്ച വരുത്തുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്രവ്യോമയാനസഹമന്ത്രി കെ സി വേണുഗോപാല്‍ ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്.
നേരത്തെ, തമിഴ്‌നാട്ടിലെ ജയിലില്‍ നിന്നും കേരളത്തിലെത്തിയ മദനി അടിമുടി മാറിയിരുന്നു. പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങള്‍ ഒന്നുമില്ലാതെ തികച്ചും ഈശ്വര വിശ്വാസിയായ പുതിയൊരു മനുഷ്യന്‍. എല്ലാവരും മദനിയെ സ്വാഗതം ചെയ്‌തു. രാഷ്‌ട്രീയ പാര്‍ട്ടികള്‍ മദനിക്ക് പിറകേയായി.
എന്നാല്‍ പെട്ടന്ന് ബസ് കത്തിക്കല്‍ കേസില്‍ ഭാര്യ സൂഫിയമദനി പ്രതിയാക്കപ്പെട്ടു. ഉടനേതന്നെ മറ്റൊരു സ്‌പോടന കേസില്‍ മദനിയും പ്രതി ചേര്‍ക്കപ്പെട്ടു. മദനിയെ അറസ്റ്റ് ചെയ്‌ത് കിട്ടാനായി കര്‍ണാടക പോലീസ് കാത്തു നിന്നു. ഇതിനിടയ്‌ക്ക് മദനി തനിക്ക് ഏറെ ബന്ധമുള്ള അന്‍വാര്‍ശേരിയിലെ അനാഥര്‍ക്കൊപ്പം താമസമാരംഭിച്ചു. മദനിയെ അവിടെനിന്നും പിടിച്ചാലുണ്ടാകുന്ന ക്രമസമാധാനം ഒരു വശത്ത്. പോലീസിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ മദനിയെ അറസ്റ്റ് ചെയ്‌ത് കര്‍ണാടക പോലീസിന് കൈമാറി.
മദനി സ്‌പോടന കേസില്‍ പ്രതിയായതോടെ രാഷ്‌ട്രീയക്കാരും മലക്കം മറിഞ്ഞു. എന്നാല്‍ മദനി പ്രശ്‌നം വീണ്ടും മനുഷ്യാവകാശമായി പൊങ്ങി വന്നു. വീണ്ടും രാഷ്‌ട്രീയ പാര്‍ട്ടികളും സര്‍ക്കാരും മദനിക്കായി രംഗത്തെത്തി. അതോടെയാണ് മദനിയുടെ ജാമ്യം യാഥാര്‍ത്ഥ്യമായത്.
ഞായറാഴ്‌ച രാവിലെ കൊട്ടിയത്ത് നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മദനിക്ക് ജാമ്യം ലഭിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം തിങ്കളാഴ്‌ച അന്‍വര്‍ശേരിയില്‍ എത്തി പിതാവിനെ കാണും. ബുധനാഴ്‌ച ബംഗളൂരിലേക്ക് മടങ്ങും.
മദനിക്കായി ശക്തമായ സുരക്ഷയാണ് കേരളത്തില്‍ ഒരുക്കിയിരിക്കുന്നത്. ദക്ഷിണ മേഖല എ.ഡി.ഡി.പി. ഹേമചന്ദ്രനാണ് മദനിയുടെ സുരക്ഷാ ചുമതല.
https://www.facebook.com/Malayalivartha