അച്ഛനേയും മകനേയും ഒന്നിപ്പിച്ചതിന് ബാലകൃഷ്‌ണപിള്ള പി.സി. ജോര്‍ജിനോട് നന്ദി പറയണം, അച്ഛന് വിധേയനായ മന്ത്രിയായി ഗണേഷ്‌കുമാര്‍ വരുന്നു...
ബാലകൃഷ്‌ണ പിള്ള ഇപ്പോള്‍ മനസാലെങ്കിലും പി.സി. ജോര്‍ജിനോട് കടപ്പെട്ടിരിക്കും. മകനായ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ഒന്നു വരുതിക്കു നിര്‍ത്താന്‍ രണ്ടുമൂന്ന് വര്‍ഷം കൊണ്ട് ശ്രമിക്കുകയാണ്. നാട്ടിലെ കൊള്ളാവുന്നവരെ കൊണ്ടൊക്കെ പറയിപ്പിച്ചു നോക്കി. ഒന്നിനും മന്ത്രി വഴങ്ങിയില്ലെന്നു മാത്രമല്ല അഴിമതി ചെയ്യാന്‍ തന്നെ കിട്ടില്ലെന്നും തുറന്ന് പറഞ്ഞതോടെ പിള്ളയുടെ പ്രതാപവും പോയി.
മന്ത്രി അഴിമതിക്കാരനെന്ന് പരാതിയില്ലെങ്കിലും മന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കൂട്ടു നില്‍ക്കുന്നുവെന്നാണ് ബാലകൃഷ്‌ണ പിള്ളയുടെ പരാതി. പാര്‍ട്ടിക്കാരെ ആരേയും മന്ത്രിയുടെ സഹായികളാക്കിയില്ല. പാര്‍ട്ടിക്കര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ സിനിമാക്കാരും സീരിയല്‍കാരും വ്യവസായികളും മാത്രം. മുഖ്യമന്ത്രിയോടും കെപിസിസി പ്രസിഡന്റിനോടും പലതവണ പറഞ്ഞു നോക്കി. അവരുടെയൊക്കെ മനസില്‍ ഗണേഷ്‌കുമാര്‍ നല്ല പിള്ള.
കാണപ്പെട്ട ഗുരുവായ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കൊണ്ടു പോലും പറയിപ്പിച്ചു. ഒന്നിനും വഴങ്ങിയില്ലെന്നു മാത്രമല്ല പാര്‍ട്ടിക്ക് ബദലായി പുതിയ ഭാരവാഹികളെപ്പോലും കൊണ്ടുവന്ന് നാണക്കെടുണ്ടാക്കി. അവസാനം തങ്ങള്‍ക്ക് മന്ത്രി വേണ്ടന്ന് പോലും എഴുതിക്കൊടുക്കേണ്ടിയും വന്നു. എന്തു ഫലം. നടക്കാത്തകാര്യം. ഐക്യമുന്നണിക്കാണെങ്കില്‍ ഭൂരിപക്ഷം കുറവ്. അതിനിടയ്‌ക്ക് ഗണേഷ്‌കുമാറിനെതിരെ എന്ത് നടപടിയെടുക്കാന്‍. പാവം പാര്‍ട്ടി ചെയര്‍മാന്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വിഷമിച്ചിരുന്നു.
അപ്പോഴാണ് ഒരു മന്ത്രിയുടെ വിവാഹേതര ബന്ധം പുറത്തായത്. ആ മന്ത്രി ഗണേഷ്‌കുമാറാണെന്ന് ഗവ. ചീപ്. വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞത്. എല്ലായിടത്തു നിന്നും ഗണേഷ്‌കുമാറിന് അപമാനങ്ങള്‍ മാത്രം ബാക്കി. ഭാര്യയായ യാമിനിയും രംഗത്തെത്തി മുഖ്യമന്ത്രിയെ കണ്ടു. ചില യുവതുര്‍ക്കികള്‍ മുമ്പോട്ട് വന്നത് കൊണ്ട് മന്ത്രി പദം രാജി വയ്‌ക്കേണ്ടി വന്നില്ല. താന്‍ ഒറ്റപ്പെടുന്നു എന്ന തോന്നല്‍ മന്ത്രിക്കുണ്ടായി.
അങ്ങനെ മന്ത്രി ഷിബു ബേബി ജോണുമൊപ്പം അച്ഛന്റെ മുമ്പില്‍ സാഷ്‌ടാങ്കം പ്രണമിച്ചു. അച്ഛനും സന്തോഷമായി. മകന്‍ പയ്യനെ ഒന്നു വരുതിക്ക് കിട്ടുന്നു. പി.സി. ജോര്‍ജിനെ നന്ദിയോടെ ഓര്‍ത്തു. ഈ അവസരം ശരിക്കും മുതലാക്കണം. അതിനായുള്ള ശ്രമത്തിലായി കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്‌ണപിള്ള.
പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിച്ചാല്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന് ഒരു അവസരം കൂടി നല്‍കുമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണം എന്ന ഒരൊറ്റ ഉപാധി മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ഗണേഷുമായി യോജിപ്പിന്റെ വഴി ഇപ്പോള്‍ അടച്ചിട്ടില്ലെന്നും പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനായി അടുത്ത യു.ഡി.എഫ് ഏകോപന സമിതി യോഗം നടക്കുന്ന ഏപ്രില്‍ രണ്ടു വരെ കാത്തിരിക്കുമെന്നും പിള്ള പറഞ്ഞു.
പാര്‍ട്ടിയെ ധിക്കരിക്കുന്ന മന്ത്രിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്ത് പിന്‍വലിച്ചിട്ടില്ല. ഈ ആവശ്യത്തില്‍ നിന്ന് ഒട്ടും പിറകോട്ട് പോയിട്ടുമില്ല. എന്നാല്‍ , മറ്റു പാര്‍ട്ടിയിലെ മന്ത്രിമാര്‍ ചെയ്യുന്നതു പോലെ ഗണേഷ്‌കുമാറും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിച്ചാല്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന തീരുമാനം പുനപ്പരിശോധിക്കും.
ഗണേഷുമായി യോജിപ്പിന്റെ വഴി അടയ്ക്കുന്നില്ല. ഇക്കാര്യത്തില്‍ എനിക്ക് ശുഭാപ്തി വിശ്വാസമാണുള്ളത്. പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചിട്ടില്ല. മഞ്ഞുരുകുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നു മാത്രം.
ഗണേഷ്‌കുമാറുമായി മറ്റു കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ തവണ പത്തനാപുരത്ത് സീറ്റ് നല്‍കില്ലായിരുന്നു. മന്ത്രി പാര്‍ട്ടിയെ ധിക്കരിച്ചുതുടങ്ങിയപ്പോഴാണ് അഭിപ്രായവ്യത്യാസം തുടങ്ങിയത്. കുടുംബകാര്യവും രാഷ്ട്രീയവും തമ്മില്‍ കൂട്ടുക്കുഴയ്ക്കുന്നില്ല.
അതേസമയം അച്ഛനും പാര്‍ട്ടി ചെയര്‍മാനുമായ ആര്‍ . ബാലകൃഷ്ണപിള്ള തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചു നടത്തിയ അഭിപ്രായപ്രകടനം സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു. അച്ഛനുമായി അന്നും ഇന്നും യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല. പാര്‍ട്ടി ചെയര്‍മാന്റെ കീഴില്‍ പാര്‍ട്ടിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അഴിമതിക്ക് കൂട്ടുനില്‍ക്കാതെ പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് എന്റെ നിലപാടിനുള്ള അംഗീകാരമാണ്-ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha