അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി
അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുകയും ഇവരുടെ ചിത്രങ്ങള്‍ തിരിച്ചറിയപ്പെടുകയും ചെയ്തതോടെ മാവോയിസ്റ്റുകള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി.
കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലാണ് മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.എല്‍. സുനില്‍, ഡിവൈഎസ്പി വാഹിദ്, അഗളി ഡിവൈഎസ്പി കെ.സി.ബാബുരാജ്, എന്നിവരുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് അംഗങ്ങളും അഗളി പോലീസുമടങ്ങിയ സംഘമാണ് തെരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞദിവസം അട്ടപ്പാടി കുറുക്കന്‍കുണ്ട് ഭാഗത്ത് മാവോയിസ്റ്റുകള്‍ എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. നിലവില്‍ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസില്‍ പെടുത്തിയ വേല്മുരുകന്, വിക്രം ഗൗഡ, എം.ജെ.കൃഷ്ണ, കിരണ്‍ കൃഷ്ണ എന്നിവരുടെ ചിത്രങ്ങളാണ് ആദിവാസികള്‍ തിരിച്ചറിഞ്ഞത്. തമിഴും മലയാളവും കലര്‍ന്ന ഭാഷയിലാണ് ഇവര്‍ സംസാരിച്ചതെന്ന് ആദിവാസികള്‍ വെളിപ്പെടുത്തി. പ്രദേശത്തെ വീടുകളില്‍ ഇവര്‍ നോട്ടീസ് വിതരണം നടത്തുകയും അരി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വാങ്ങികൊണ്ടുപോകുകയും ചെയ്തു. സ്ത്രീകളുള്‍പ്പടെയുള്ള സംഘത്തിന്റെ കൈവശം ആയുധങ്ങളുമുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാടുപോലീസും അതിര്‍ത്തിയില്‍ തെരച്ചില്‍ തുടരുന്നുണ്ട്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് സാനിധ്യം മാസങ്ങളായി പോലീസിനെയും അലട്ടുകയാണ്.
നിരവധിതവണ തണ്ടര്‍ബോള്‍ട്ട് സേനയുടെ സഹായത്തോടെ വനമേഖലയില്‍ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha