സംസ്ഥാനത്ത് 134 പഞ്ചായത്തുകളില്‍ പുതിയ പ്ലസ് ടു സ്‌കൂളുകള്‍
പ്ലസ്‌ടു സ്‌കൂളുകള്‍ ഇല്ലാത്ത 134 പഞ്ചായത്തുകളില്‍ പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തിക ബാധ്യത പരമാവധി കുറച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലുമായിരിക്കും പുതിയ സ്‌കൂളുകള്‍ അനുവദിക്കുക. പുതിയ സ്‌ക്കൂളുകള്‍ അനുവദിക്കുമ്പോള്‍ തസ്‌തികകള്‍ സൃഷ്‌ടിക്കേണ്ടി വരുന്നതാണ് അധിക ബാധ്യത എന്നതിനാല്‍ തസ്‌തികകള്‍ പുതുതായി സൃഷ്‌ടിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് മന്ത്രി സഭായോഗത്തിലെ ധാരണ. ഗസ്റ്റ് അധ്യാപകരെയും മറ്റും നിയോഗിച്ച് പ്രശ്‌നം പരിഹരിക്കാനാവും. കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക ബാങ്കില്‍ നിന്നും നിയമനം നടത്താനും ആലോചനയുണ്ട്.
പുതിയ തീരുമാനംമൂലമുള്ള സാമ്പത്തിക ബാധ്യത 200 കോടിയില്‍ താഴെ മാത്രമാണെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 101 സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യാനും 190 സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാനുമാണ് കഴിഞ്ഞ മന്ത്രിസഭാ ഉപസമിതിയോഗത്തില്‍ തീരുമാനമായത്.
സംസ്ഥാനത്ത് പ്ലസ്‌ടു ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ സ്‌കൂള്‍ തുടങ്ങാന്‍ നേരത്തെ അപേക്ഷ ക്ഷണിച്ചതാണ്. ഇതില്‍ 134 പഞ്ചായത്തുകള്‍ അപേക്ഷ നല്‍കി. എന്നാല്‍ അധിക ബാധ്യത കണക്കിലെടുത്ത് പുതിയ സ്‌കൂളുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി. ഇതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമീപിച്ചതിനെതുടര്‍ന്നാണ് കോടതിയില്‍ നിന്ന് അനുകൂല വിധി നേടാനായത്.
https://www.facebook.com/Malayalivartha