ബിപിഎല്ലുകാര്‍ക്ക് ഓണക്കിറ്റില്‍ പഞ്ചസാരയ്ക്കുപകരം സാമ്പാര്‍പൊടി
ബിപിഎല്ലുകാര്‍ക്ക് വര്‍ഷങ്ങളായി വിതരണം ചെയ്യാറുള്ള കിറ്റില്‍ നിന്നും ആദ്യമായാണ് പഞ്ചസാര ഒഴിവാക്കുന്നത്. പൊതു വിപണിയില്‍ കിലോയ്ക്ക് 40 രൂപ വിലയുള്ള പഞ്ചസാര ഒണത്തിനെങ്കിലും ലഭിച്ചിരുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ അധികം പ്രാധാന്യമില്ലാത്ത സാമ്പാര്‍പൊടി നല്കി ഇത്തവണ പാവപ്പെട്ടവരെ വഞ്ചിക്കുന്നത്. ഇരുപത് ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. സപ്ലൈകോയുടെ ശബരി സാമ്പാര്പൊടിയാണ് വിതരണം ചെയ്യുന്നതെങ്കിലും സ്വകാര്യകമ്പനിയാണ് ഇത് തയാറാക്കുന്നത്. 20 ലക്ഷത്തോളം പായ്ക്കറ്റുകളാണ് ഓണക്കിറ്റിനായി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.
സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡിലുള്ള ശബരി സാമ്പാര്‍ പൊടിയാണങ്കിലും കേരളത്തിലെ ഒരു പ്രമുഖ ധാന്യപൊടി കമ്പനിയാണ് ഇത് സപ്ലൈ ചെയ്യുന്നത്. 21.50 രൂപയാണ് 100 ഗ്രാം സാമ്പാര്‍പൊടിയുടെ വില. അതേസമയം ഓണത്തിന് റേഷന്‍കട വഴി പഞ്ചസാര ലഭ്യമാകുന്നതുകൊണ്ടാണ് പഞ്ചസാരയ്ക്ക് പകരം സാമ്പാര്‍പൊടി ഉള്‍പ്പെടുത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ മാസം 20 മുതലാണ് കിറ്റ് വിതരണം ചെയ്യുന്നത്. രണ്ട് കിലോ അരി, 200 ഗ്രാം മുളക്, 100 ഗ്രാം തേയില എന്നിവയാണ് കിറ്റിലെ മറ്റ് ഉല്പന്നങ്ങള്.
https://www.facebook.com/Malayalivartha