വിദേശ വനിതയെ പീഡിപ്പിച്ച ബിട്ടി തന്നെയാണ് കണ്ണൂരില്‍ പിടിയിലായതെന്ന് സ്ഥിരീകരിച്ചു. പുട്ടപര്‍ത്തിയിലെ ഫ്‌ളാറ്റില്‍ കേരളാ പോലീസ് പരിശോധന നടത്തി
ആള്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മൊഹന്ദി തന്നെയാണ് കണ്ണൂരില്‍ പിടിയിലായതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിട്ടി താമസിച്ചിരുന്ന ആന്ധ്രയിലെ ഫ്‌ളാറ്റില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ഇതു സംബന്ധിച്ച രേഖകള്‍ ലഭിച്ചത്. ബിട്ടിയുടെ കുടുംബ ഫോട്ടോയുള്‍പ്പെടെയുള്ള രേഖകള്‍ ലഭിച്ചതായാണ് വിവരം. പയ്യന്നൂര്‍ സി.ഐ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി പുട്ടപര്‍ത്തിയില്‍ എത്തിയത്. രാഘവ് രാജനെന്ന പേരില്‍ പത്താം ക്ലാസ് മുതല്‍ ബിടെക് വരെ തയ്യാറാക്കിയ വ്യാജരേഖകളും പോലീസിന് ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്താനായി. കൂടാതെ പ്രൊബേഷനറി ഓഫീസറായി എസ്.ബി.ടിയില്‍ ജോലിയില്‍ ചേരാന്‍ ഇയാള്‍ക്ക് ചിലരുടെ സഹായം ലഭിച്ചതായും വിവരമുണ്ട്.
കേസ് നിലനില്‍ക്കുന്ന രാജസ്ഥാനിലേക്കും, ബിട്ടിയുടെ സ്വദേശമായ ഒഡീഷയിലേക്കും അന്വേഷണ സംഘങ്ങള്‍ പോയിട്ടുണ്ട്. തളിപ്പറമ്പ് സി.ഐ എ.വി ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജസ്ഥാനിലേക്ക് പോയിരിക്കുന്നത്. ശ്രീകണഠപുരം സി.ഐ ജോഷി ജോസ് നേതൃത്വം നല്‍കുന്ന അന്വേഷണ സംഘം ഒഡീഷയിലേക്കും പുറപ്പെട്ടു. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.എസ്.സുദര്‍ശനാണ് കേസന്വേഷണം ഏകോപിപ്പിച്ച് കൊണ്ടുപോകുന്നത്.
2006ല്‍ രാജസ്ഥാനിലെ അല്‍വാറില്‍ ഹോട്ടലില്‍വെച്ച് 21കാരിയായ ജര്‍മ്മന്‍ യുവതിയെ പീഡിപ്പിച്ചു എന്നതാണ് ബിറ്റിക്കെതിരായ കേസ്. അതിവേഗകോടതി ഏഴുവര്‍ഷത്തെ തടവുശിക്ഷയ്‌ക്ക് വിധിച്ച ഇയാള്‍ ആറുമാസത്തെ പരോളിലിറങ്ങി മുങ്ങുകയായിരുന്നു. പ്രത്യേക അന്വേഷണസംഘം ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. 2006 ഡിസംബറില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുന്‍ ഒഡീഷ ഡി.ജി.പി ബി.ബി മൊഹന്തിയുടെ മകനായ ബിട്ടി ആന്ധ്ര സ്വദേശിയായ രാഘവ് രാജാണെന്ന പേരില്‍ എസ്.ബി.ടി കണ്ണൂര്‍ ശാഖയില്‍ ജോലി ചെയ്‌തു വരികയായിരുന്നു.
പഴയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ടി ബാങ്കില്‍ പ്രൊബേഷനറി ഓഫീസറായി ജോലിചെയ്‌തുവരികയായിരുന്ന ഇയാള്‍ ബിട്ടി മൊഹന്തിയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഊമ കത്ത് ബാങ്കധികൃതര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബിട്ടിയാണെന്ന് ബാങ്കധികൃതര്‍ തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ഇതെല്ലാം മനസിലാക്കിയ ബിട്ടി അവിടെ നിന്ന് മുങ്ങി. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. കുറെകാലം ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ കഴിഞ്ഞ ഇയാള്‍ അവിടെ നിന്ന് വ്യാജരേഖയുണ്ടാക്കി കണ്ണൂരിലെ ചിന്മയ കോളേജില്‍ ചേര്‍ന്ന് എം.ബി.എ കരസ്ഥമാക്കി. ബിറ്റിയെ സഹായിച്ചതിന് അച്ഛന്‍ ബി.ബി.മൊഹന്തിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha