ചീഫ് സെക്രട്ടറിയും ഡിജിപിയും തുറന്ന പോരിലേക്ക്; ഡിജിപി ബാലസുബ്രഹ്മണ്യത്തിന്റെ ബള്‍ഗേറിയന്‍ യാത്ര വിവാദമാകുന്നു
ഡി.ജി.പിയുടെ ബള്‍ഗേറിയന്‍ യാത്ര അവധി മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് ഡി.ജി.പിയും ചീഫ് സെക്രട്ടറിയും തമ്മിലുള്ള തുറന്നപോരിലേക്കു നീങ്ങി. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഡിജിപി കെ.എസ്. ബാലസുബ്രഹ്‌മണ്യം ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടത്. വിദേശയാത്രയ്‌ക്കായി താന്‍ അവധിയെടുത്തതു സംബന്ധിച്ച വാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടിട്ടുള്ളത്.
വാര്‍ത്തയ്‌ക്കാധാരമായ വിവരങ്ങളടങ്ങിയ ഫയല്‍ ആഭ്യന്തരമന്ത്രിപോലും കാണുന്നതിനു മുമ്പ് ഉള്ളടക്കം ചോര്‍ത്തി നല്‍കിയതു ഗുരുതരമാണെന്നും കാരണക്കാരനായ ഉദ്യോഗസ്‌ഥനെതിരേ നടപടിയെടുക്കണമെന്നും ഡി.ജി.പി. മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഡി.ജി.പിയുടെ അവധി സാധൂകരിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടുവരുകയാണെന്നും അദ്ദേഹവുമായി അഭിപ്രായവ്യത്യാസമില്ലെന്നുമാണു ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ഇതുസംബന്ധിച്ച വിവാദം ദൗര്‍ഭാഗ്യകരമാണ്.
അതേസമയം, തന്റെ അവധി നിയമപരമായെടുത്തതാണെന്നു ഡി.ജി.പി. അവകാശപ്പെടുമ്പോള്‍, അതിനു സാധുതയില്ലായിരുന്നെന്ന സൂചനയാണു ചീഫ് സെക്രട്ടറിയുടെ പത്രക്കുറിപ്പിലുള്ളത്. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍നിന്നു വാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണു ഡി.ജി.പി. മുഖ്യമന്ത്രിക്കയച്ച കത്തില്‍ പരോക്ഷമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോപണം അടിസ്‌ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിച്ചശേഷം നിയമപരമായി അവധിക്കപേക്ഷ നല്‍കിയാണു ബള്‍ഗേറിയയിലേക്കു പോയതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അപേക്ഷിച്ചതിനു പുറമേ എടുത്ത കാഷ്വല്‍ ലീവ് സര്‍ക്കാരിനെ അറിയിച്ചില്ലെന്നതാണു വിവാദമായത്. അധികമായെടുത്ത അവധിദിനങ്ങള്‍ ഡയസ്‌നോണ്‍ ആയി കണക്കാക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ.
കഴിഞ്ഞ 27-31 വരെ ബള്‍ഗേറിയന്‍ തലസ്‌ഥാനമായ സോഫിയയില്‍ നടന്ന രാജ്യാന്തര പോലീസ് എക്‌സിക്യൂട്ടീവ്‌സിംപോസിയത്തില്‍ പങ്കെടുക്കാനാണു ഡി.ജി.പി. പോയത്. അതിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടായിരുന്നെന്നും പിന്നീട് ഓഗസ്‌റ്റ് അഞ്ചുവരെ കാഷ്വല്‍ ലീവിന് അപേക്ഷ നല്‍കിയിരുന്നെന്നുമാണു ഡി.ജി.പിയുടെ നിലപാട്. അതേസമയം, വാര്‍ത്തയ്‌ക്കാധാരമായ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗവും അന്വേഷണമാരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha