ആംബുലന്‍സില്‍ നാഗാലാന്‍ഡില്‍ നിന്ന് രോഗിയെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു
ഗുരുതരരോഗം ബാധിച്ചയാളെ വിദഗ്ധചികില്‍സയ്ക്കായി ആംബുലന്‍സില്‍ നാഗാലാന്‍ഡിലെ ദിമാപ്പൂരില്‍ നിന്നു 3800 കിലോമീറ്റര്‍ റോഡ് മാര്‍ഗം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗാലാന്‍ഡില്‍ നിന്നു കൊച്ചിയിലേക്ക് അഞ്ചു ദിവസം നീണ്ട ആംബുലന്‍സ് യാത്ര ചെയ്ത് അമൃത ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത് പത്തനംതിട്ട പന്തളം കുളനട സ്വദേശിയായ സി.എന്‍. അനില്‍കുമാറാണ്.
വര്‍ഷങ്ങളായി നാഗാലാന്‍ഡിലെ റബര്‍ പ്ലാന്റേഷനില്‍ തൊഴിലാളിയാണ് അനില്‍കുമാര്‍. മലേറിയയും ന്യൂമോണിയയും ബാധിച്ചു ദിമാപ്പൂരിലെ ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നു സ്ഥലത്തെ മലയാളി സമാജം അധികൃതര്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രത്യേകം രൂപകല്പന ചെയ്ത അത്യാധുനിക സംവിധാനങ്ങളുള്ള എയര്‍ ബസ് ആംബുലന്‍സ് നാഗാലാന്‍ഡിലേക്ക് അയച്ചു.
ഇത്രയേറെ ദൂരം റോഡ് മാര്‍ഗം സഞ്ചരിച്ചു രോഗിയെ എത്തിക്കുന്നത് ആദ്യമാണെന്നും അനില്‍കുമാര്‍ (40)അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡ്രൈവര്‍മാരായ ജയനീഷ്, വിജയന്, ആംബുലന്‍സ് ടെക്നീഷ്യന്മാരായ എ.പി. അരുണ്‍, പ്രശാന്ത് കുമാര്‍, ദ്രോണ എന്നിവരുടെ സംഘമാണു യാത്രയ്ക്കു നേതൃത്വം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha