കേരള ചരിത്ര പഠന കോണ്‍ഫറന്‍സ് കോട്ടയത്ത് സമാപിച്ചു
കേരള ചരിത്ര പഠന കോണ്‍ഫറന്‍സ് കോട്ടയത്ത് സമാപിച്ചു. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ബസേലിയസ് കോളേജ്, പ്രവാസി മലയാളി ഫെഡറേഷനും തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലുമായി സഹകരിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
സമാപനചടങ്ങ് ഡോ.എം.ജി.എസ് നാരായണന് ഉദ്ഘാടനം ചെയ്തു. കേരള ചരിത്രത്തെ പരിപോഷിപ്പിക്കുന്നതിന് ഒരു കാലത്ത് സര്‍വ്വകലാശാലയുടെ അഭാവം ഉണ്ടായിരുന്നു. ഇന്ന് നിരവധി സര്‍വ്വകലാശാലകള്‍ ഉണ്ടെങ്കിലും അവ വെറും പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങള്‍ മാത്രമായി പ്രവര്‍ത്തിക്കുന്നു എന്നത് സങ്കടകരമാണെന്ന് ഡോ.എം.ജി.എസ് നാരായണന് അഭിപ്രായപ്പെട്ടു.
പുരാവസ്തു പഠനം സജീവമായാല്‍ മാത്രമെ കേരള ചരിത്രപഠനം വസ്തുനിഷ്ടമാകുകയുള്ളു. കേരള ചരിത്രത്തെ കുറിച്ച് തെറ്റിധാരണ പരത്തുന്ന അലങ്കാരപ്രയോഗങ്ങള്‍ തിരുത്തുവാന്‍ ചരിത്രകാരന്മാര് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ള കേരളചരിത്രം പ്രതിപാദിക്കുന്ന മുപ്പത് ലക്ഷത്തിലധികം വരുന്ന അപൂര്‍വ്വ താളിയോലകള്‍ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള ചരിത്ര പഠന കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
പ്രിന്‍സിപ്പല്‍ പ്രൊഫ. ജേക്കബ് കുര്യന് ഓണാട്ട്, ഡയസ് ഇടിക്കുള, പ്രൊഫ. വിപിന്‍ കെ. വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആര് .പി. രാജ, പ്രൊഫ.സോമവര്‍മ്മ രാജ, ഫ്രൊഫ. രാജാ ശ്രീകുമാര്‍ വര്‍മ്മ, പ്രൊഫ. സുരേന്ദ്ര വര്‍മ്മ, ഉമാ മഹേശ്വരി, പ്രൊഫ. കേശവന് നമ്പൂതിരി, പ്രതാപ് കിഴക്കേമഠം, രാജീവ് പള്ളിക്കോണം, പ്രൊഫ. സുമി മേരി തോമസ്, പ്രൊഫ. സുമന് എബ്രഹാം എന്നിവരുള്‍പ്പടെ 30 ഓളം പേര് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha