ഗണേഷിന്റെ മന്ത്രിസഭാ പുനഃപ്രവേശനം കേരള കോണ്‍ഗ്രസ്- ബിയില്‍ മുഖ്യ ചര്‍ച്ചാവിഷയം
കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പുനഃപ്രവേശനം വൈകുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ്- ബി സംസ്ഥാന സമിതി ഇന്നു യോഗം ചേരും. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്തു രാവിലെ 11നാണു യോഗം. ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം സംബന്ധിച്ച പ്രശ്നത്തില്‍ കടുത്ത നടപടിക്കു പോകരുതെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര് . ബാലകൃഷ്ണപിള്ളയോട് യു.ഡി.എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. 21നു ചേരുന്ന യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടും വ്യക്തമാക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കിയിരുന്നെങ്കിലും മറ്റ് കക്ഷികളെ പിണക്കി അത് വേണ്ടെന്ന നിലപാടാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപിച്ച മന്ത്രിസഭാ മാറ്റത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡ് പ്രതിനിധികളെ കണ്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാന ത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല.
മന്ത്രിസഭാ പുനഃസംഘടന പാടില്ലെന്ന നിലപാടുമായി ഐ ഗ്രൂപ്പ് പ്രതിനിധിയായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു. തുടര്‍ന്നു മന്ത്രിസഭാ മാറ്റമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ഐ ഗ്രൂപ്പ് കൂടുതല്‍ മന്ത്രിമാരും സുപ്രധാന വകുപ്പുകളും കൈക്കലാക്കിയിരുന്ന സാഹചര്യത്തിലാണു മാറ്റം വേണ്ടെന്ന നിലപാടു സ്വീകരിച്ചത്. ജി. കാര്ത്തികേയന് സ്പീക്കര്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി അഴിച്ചുപണി നടത്താനായിരുന്നു മുഖ്യമന്ത്രി ലക്ഷ്യമിട്ടിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha