പള്ളികള്ളന്മാര്ക്ക് പിടി വീഴും; സ്കൂളില്‍ പോയില്ലെങ്കില്‍ എസ്.എം.എസ് വരും!
പള്ളീകള്ളന്മാര് സൂക്ഷിക്കുക. നിങ്ങളെ കെട്ടാന്‍ പുതിയ മണി വരുന്നു. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലുള്ള സ്കൂളുകളിലാണ് നഗരസഭയുമായി ചേര്‍ന്ന് പള്ളികൂടത്തില്‍ കൃത്യമായി പോകാത്ത പിള്ളാരേ പിടികൂടാന്‍ പദ്ധതി ആവിഷ്ക്കരിച്ചത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ കീഴിലുള്ള സ്കൂളുകളില്‍ ഹാജര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് പിള്ളാരേ പിടികൂടാന്‍ നഗരസഭ പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്.
കുട്ടികളുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇനി നിങ്ങളുടെ കുട്ടി സ്കൂളില്‍ ഹാജരായില്ലെങ്കില്‍ രക്ഷകര്‍ത്താവിന്റെ മൊബൈല്‍ഫോണില്‍ എസ്എംഎസ് വരും. വൈകുന്നേരം കുട്ടി സ്കൂളില്‍ നിന്നു പോകുമ്പോഴും ഇതേ രീതിയില്‍ എസ്എംഎസ് ലഭിക്കും.
ഒരു ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിശദാംശങ്ങള്‍ സ്റ്റേറ്റ് ഡേറ്റാ സെന്ററിന്റെ സഹായത്തോടെ ക്രോഡീകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം രൂപയും നഗരസഭ അനുവദിച്ചു. ചില കുട്ടികള്‍ രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയ ശേഷം സ്കൂളില്‍ എത്താത്തത് പതിവായിരിക്കുന്നു. ഇത്തരത്തില്‍ പെരുമാറുന്നവരില്‍ ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും യഥേഷ്ടമുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് എസ്.എം.എസ് നടപ്പിലാക്കാന്‍ നഗരസഭ തീരുമാനിച്ചത്.
ഓരോ എസ്എംഎസിനും 11.13 പൈസ ഈടാക്കും. ഹാജര്‍ മാത്രമല്ല കുട്ടികളുടെ പ്രകടനത്തിന്റെ വിശദാംശങ്ങളും എസ്.എം.എസില്‍ ലഭ്യമാകും. കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളില്‍ പദ്ധതി നടപ്പാക്കി കഴിഞ്ഞു. പദ്ധതി വിജയകരവുമാണ്. ഒക്ടോബര്‍ പകുതിയോടെ പദ്ധതി തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കാനാണ് നഗരസഭയുടെ തീരുമാനം. പദ്ധതി വിജയകരമാകുമെങ്കില്‍ നഗരത്തിലെ സ്വകാര്യ സ്കൂളുകള്‍ക്കും തങ്ങളുമായി കരാറില്‍ ഏര്‍പ്പെടാമെന്ന് സര്‍ക്കാര്‍ സംരംഭമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് അധികൃതര്‍ പറയുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് നഗരസഭക്ക് വേണ്ടി പദ്ധതി നടപ്പിലാക്കുന്നത്. ഒരു ചെറിയ സര്‍വീസ് ചാര്‍ജ് മാത്രമാണ് ഇതിനായി സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ കമ്പനി ഈടാക്കുന്നത്.
ഹൈസ്ക്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലുമാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്. എസ് എംഎസിനുള്ള ചാര്‍ജ് നഗരസഭ തന്നെ നല്‍കും. അതുകൊണ്ടുതന്നെ രക്ഷകര്‍ത്താക്കള്‍ക്ക് അതൊരു ഭാരമായി മാറുകയില്ല.
അതേസമയം ഹാജര്‍ വിവരം നല്കിയില്ലെങ്കിലും തിരുവനന്തപുരത്തെ ചില സ്വകാര്യ വിദ്യാലയങ്ങള്‍ സ്കൂള്‍ അവധിയും മറ്റും എസ്എംഎസ് വഴി രക്ഷകര്‍ത്താക്കളെ അറിയിക്കാറുണ്ട്. അതിന് പ്രത്യേക തുകയും സ്കൂളുകള്‍ ഈടാക്കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha