കൂറുമാറ്റം തുടരുന്നു: ടി.പി വധത്തില്‍ ഒരു സാക്ഷികൂടി മറുകണ്ടം ചാടി
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി. കൊലയാളി സംഘത്തിന്റെ കാറില്‍ ഒട്ടിക്കാന്‍ അറബി സ്റ്റിക്കര്‍ നല്‍കിയെന്ന് മൊഴി നല്‍കിയിരുന്ന സി.കെ ബിന്ദുമോന് ആണ് മൊഴിമാറ്റിയത്.
വാഹനം തിരിച്ചറിയാതിരിക്കാനും ദൃക്സാക്ഷികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കാനുമായിരുന്നു കാറില്‍ അറബിയിലുള്ള സ്റ്റിക്കര്‍ ഒട്ടിച്ചത്. കേസിലെ പ്രതി കൂടിയായ അശ്വന്ത് ആയിരുന്നു സ്റ്റിക്കര്‍ കൊലയാളി സംഘത്തിന് നല്‍കിയത്. ഇയാള്‍ ബിന്ദുമോന്റെ കടയിലെ ജീവനക്കാരനായിരുന്നു.
എന്നാല്‍ ഇന്ന് പ്രോസിക്യൂഷന്റെ സാക്ഷിവിസ്താരത്തിനിടെ ബിന്ദുമോന് ഇക്കാര്യം നിഷേധിക്കുകയായിരുന്നു അശ്വന്ത് എന്നൊരാള്‍ തന്റെ കടയില്‍ ജോലിക്ക് നിന്നിട്ടില്ലെന്നായിരന്നു ഇയാളുടെ മറുപടി. ഇന്നോവ കാറില്‍ പതിച്ച വ്യാജ നമ്പറിന്റെ സ്റ്റിക്കറും ബിന്ദുമോന്റെ കടയിലായിരുന്നു രൂപപ്പെടുത്തിയിരുന്നത്. ഇവ തയാറാക്കാന്‍ ഉപയോഗിച്ച കടയിലെ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പോലീസ് നേരത്തെ കണ്ടെടുത്ത് സീല്‍ ചെയ്തിരുന്നു.
കേസില്‍ നേരത്തെ രണ്ടു സാക്ഷികള്‍ കൂറുമാറിയിരുന്നു. ഒമ്പതാം സാക്ഷി സുമേഷും,പതിനാലാം സാക്ഷി പി.വി.വിജേഷുമാണ് കൂറുമാറിയത്.
https://www.facebook.com/Malayalivartha