മഴയില്‍ ഒരു ഹര്‍ത്താല്‍... അപ്രതീക്ഷിതമായ ഹര്‍ത്താല്‍ പരീക്ഷകളുടേയും ഓണത്തിന്റേയും താളം തെറ്റിച്ചു; അക്രമത്തോടെ ഹര്‍ത്താല്‍ ആഘോഷം സജീവം
ഓണക്കച്ചവടത്തെ ഹര്‍ത്താല്‍ സാരമായി ബാധിക്കുന്നു. കാലം തെറ്റിവന്ന മഴയില്‍ താളം തെറ്റിയ കച്ചവടത്തെ ഹര്‍ത്താല്‍ ഒരിക്കല്‍ കൂടി പിടിച്ചുകുലുക്കി.
ഇത് പരീക്ഷകളുടെ കാലമാണ്. ഓണ പരീക്ഷകള്‍ കഴിഞ്ഞിരുന്നെങ്കില്‍ സുഖമായി കുട്ടികള്‍ക്ക് ഓണം ആഘോഷിക്കാന്‍ പറ്റുമായിരുന്നു. മഴ കാരണം നേരത്തെ തന്നെ ഒരു പരീക്ഷ മാറ്റിയിരുന്നു. ഇപ്പോള്‍ ഹര്‍ത്താല്‍ കാരണം വീണ്ടും പരീക്ഷ മാറ്റിയിരിക്കുകയാണ്. ഈ പരീക്ഷ കാരണം ചില സ്‌കൂളുകള്‍ ഒരു ദിവസം കഴിഞ്ഞേ ഓണ അവധിക്ക് അടയ്‌ക്കുകയുള്ളൂ. ചില സ്‌കൂളുകളില്‍ ഓണം കഴിഞ്ഞായിരിക്കും ഈ പരീക്ഷകള്‍ ഉണ്ടാകുക. സംസ്ഥാനത്തു പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇന്നു നടത്താനിരുന്ന പ്ലസ്‌ടു വരെയുള്ള മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. എസ്‌എസ്‌എല്‍സി തുല്യതാ പരീക്ഷകളും മാറ്റിവച്ചു.
എന്തായാലും ആര്‍എസ്‌എസ് ഹര്‍ത്താല്‍ സജീവമാകുകയാണ്. കണ്ണൂരില്‍ ആര്‍എസ്‌എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ നടത്തുന്നത്. ആര്‍എസ്‌എസ് ആഹ്വാനം ചെയ്‌ത ഹര്‍ത്താലിന് ബിജെപി സംസ്ഥാന ഘടകത്തിന്റെ പിന്തുണയുമുണ്ട്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.
ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് അങ്ങിങ്ങായി അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വയനാട് മീനങ്ങാടിയില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഹര്‍ത്താല്‍ അനുകൂലികള്‍ യാത്രക്കാരെ ഇറക്കിയതിന് ശേഷം ചില്ല് തകര്‍ക്കുകയായിരുന്നു.കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോയ്‌ക്ക് നേരെയും, കാക്കനാട് കെഎസ്‌ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha