രാജക്കാട് അപകടം: കോളേജ് പ്രിന്‍സിപ്പല്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ രംഗത്ത്
ഇടുക്കി രാജക്കാട്ട് വിനോദസഞ്ചാരത്തിനു പോയ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായ പ്രസ്താവനക്കെതിരെ സ്പീക്കര്‍. തിരുവനന്തപുരം വെള്ളനാട് സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രിന്‍സിപ്പല്‍ ഡോ.എം.കെ.ജാന നടത്തിയ പ്രസ്താവന അഹങ്കാരം നിറഞ്ഞതാണെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് പറഞ്ഞു. ഏഴു വിദ്യാര്‍ത്ഥികള്‍ മരിച്ച ഒരു കോളേജിലെ പ്രിന്‍സിപ്പല്‍ നടത്തിയ പ്രസ്താവന തീര്‍ത്തും തെറ്റായി പോയെന്നും സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോളേജ് അധികൃതര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. അപകടം നടന്ന പശ്ചാത്തലത്തില്‍ പോലീസ്, ഗതാഗതം, മരാമത്തുവകുപ്പുകളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജക്കാട് ബസ്സപകടത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കെ.കെ.ജയചന്ദ്രന് എം.എല്‍.എയാണ് നോട്ടീസ് കൊണ്ടുവന്നത്. മരിച്ചവരുടെ കുടുംബത്തിന് മതിയായ ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന് ആവശ്യപ്പെട്ടു.
ഇന്നലെയുണ്ടായ അപകടത്തില്‍ സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ടിലെ എട്ടു വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. എന്നാല്‍ യാത്രയെക്കുറിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് അറിവില്ലെന്നായിരുന്നു പ്രിന്‍സിപ്പല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
https://www.facebook.com/Malayalivartha