അമ്മയ്ക്ക് വിട: സുകുമാരിയുടെ സംസ്കാരം ഇന്ന് ചെന്നൈയില്‍
പ്രശസ്ത ചലച്ചിത്ര താരം സുകുമാരിക്ക് അന്ത്യാഞ്ജലി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു 74 കാരിയായ സുകുമാരി വിടവാങ്ങിയത്. ശവസംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയില്‍ നടക്കും. വിവിധ മേഖലകളിലുള്ളവര്‍ സുകുമാരിയുടെ വിയോഗ വിവരമറിഞ്ഞ് ഇന്നലെ തന്നെ ആശുപത്രിയില്‍ എത്തിയിരുന്നു.
പൂജാമുറിയില്‍ നിന്ന് പൊള്ളലേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞമാസമാണ് സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. വൃക്കതകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസും നടത്തിയിരുന്നു. ഇതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായി മരണം സംഭവിച്ചത്.
മലയാളം, തെലുങ്ക്, തമിഴ്, ഒറിയ, ഹിന്ദി, ബംഗാളി ഭാഷകളിലായി രണ്ടായിരത്തി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച സുകുമാരിക്ക് 2003ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു. 1940 ഒക്ടോബര്‍ ആറിനു തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ മാധവന്‍നായര്‍-സത്യഭാമ ദമ്പതികളുടെ മകളായി സുകുമാരി ജനിച്ചു. പത്താംവയസില്‍ `ഒരു ഇരവ്' എന്ന ചിത്രത്തില്‍ നൃത്തരംഗത്തിലൂടെയാണ് അഭിനയത്തിന്റെ തുടക്കം. നാലു തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1991 ല്‍ തമിഴ് നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം ലഭിച്ചു. മോഹന്‍ സംവിധാനം ചെയ്ത നമ്മ ഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് 2010 ല്‍ ദേശീയ പുരസ്കാരവും സുകുമാരിയെ തേടിയെത്തി.
പരേതനായ സംവിധായകന് ഭീംസിങ്ങാണ് ഭര്‍ത്താവ്. ചെന്നൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സുരേഷ് ഏക മകനാണ്. ഉമയാണ് മരുമകള്‍.
https://www.facebook.com/Malayalivartha