ഒരു പന്തിയില്‍ രണ്ടില, ഒരു ദിവസത്തെ വ്യത്യാസത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നഷ്‌ടമാകുന്നത് പരമ്പരാഗത പെന്‍ഷന്‍, പകരം കിട്ടുന്നതോ 60 വയസ്
ഒരു സര്‍ക്കാര്‍ ജോലി കിട്ടിയിട്ടുവേണം ഒന്ന് ലീവെടുക്കുവാന്‍ ... എന്നാണ് ഒരു ശരാശരി മലയാളിയുടെ കാഴ്‌ചപ്പാട്. എങ്ങനെയെങ്കിലുമൊരു സര്‍ക്കാര്‍ ജോലിയില്‍ കയറിപ്പറ്റുക. പിന്നെ ആവശ്യത്തിന് വിശ്രമം, കൈനിറയെ കാശ്, വിശ്രമ ജീവിതം സുഭിക്ഷമാക്കാനായി പെന്‍ഷന്‍ ആനുകൂല്യം. ഒക്കെ മാറി മറിയുകയാണ്. ഭീമമായ പെന്‍ഷന്‍ നല്‍കുന്നതുവഴി പല സര്‍ക്കാര്‍ സ്ഥാപനങ്ങളും തകര്‍ച്ചയുടെ വക്കിലുമാണ്. ശമ്പളം നല്‍കുന്നതിനെക്കാളേറെ തുക പെന്‍ഷന് കണ്ടെത്തേണ്ടി വരുന്ന ഒരവസ്ഥ. കെഎസ്‌ആര്‍ടിസി ഒരു ഉദാഗരണം മാത്രം.
1957 മുതല്‍ നിലവിലിരുന്ന സ്റ്റാറ്റിയൂറ്ററി പെന്‍ഷന്‍ ആനുകൂല്യം ഇനി സര്‍വീസില്‍ കയറുന്നവര്‍ക്കുണ്ടാവില്ല. പകരം മാസശമ്പളത്തിന്റെ 10 ശതമാനം വീതം സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്‌ക്കണം.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി രണ്ടുവിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ സേവനമനുഷ്ഠിക്കും. തിങ്കളാഴ്ച മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ പെന്‍ഷന്‍ സ്‌കീം കേരളത്തിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത്.
ഒരേ റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ കുറച്ച് പേര്‍ക്ക് മാര്‍ച്ചില്‍ നിയമനം ലഭിച്ചു. മറ്റുള്ളവര്‍ക്ക് ഏപ്രിലിലും തുടര്‍ന്നുള്ള മാസങ്ങളിലുമാകും നിയമനം ലഭിക്കുക. ആദ്യവിഭാഗത്തിലുള്ളവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷനും രണ്ടാംവിഭാഗത്തിലുള്ളവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ രീതിയും നടപ്പിലാകും.
സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനെതിരെ ഇടത് ആഭിമുഖ്യമുള്ള സര്‍വീസ് സംഘടനകള്‍ ഒരാഴ്ചയോളം നീണ്ട സമരം നടത്തിയിരുന്നു. സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിട്ടു. പൊതുവികാരവും സമരക്കാര്‍ക്ക് എതിരായിരുന്നു. അതുകൊണ്ടുതന്നെ സമരം വിജയിച്ചില്ല. ഒടുവില്‍ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി സമരം ഒത്തുതീര്‍ന്നു.
ആശങ്കകള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനമുണ്ടാക്കുക, പെന്‍ഷന്‍ ഫണ്ട് സംസ്ഥാന ട്രഷറിയെ ഏല്‍പ്പിക്കുക തുടങ്ങിയ വ്യവസ്ഥകളാണ് ഒത്തുതീര്‍പ്പിനായി നിര്‍ദേശിക്കപ്പെട്ടതെങ്കിലും അതിലൊന്നും ഒരു തീരുമാനവുമുണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha