സ്വന്തം സ്വത്വത്തില്‍ അഭിമാനത്തോടെ ജീവിക്കാന്‍ അവസരമൊരുക്കും സര്‍ക്കാര്‍ ഒപ്പമുണ്ട്... പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഇവരെ മുഖ്യധാരയില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സർക്കാർ

സ്വന്തം സ്വത്വത്തില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ സമഗ്ര പുരോഗതിയ്ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഇവരെ മുഖ്യധാരയില്‍ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ നയം യാഥാര്‍ത്ഥ്യമാക്കിയത്.
സ്ത്രീയ്ക്കും പുരുഷനും അപ്പുറം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു വിഭാഗമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചതും അവര്‍ക്ക് അംഗീകാരം നല്‍കാന്‍ സാധിച്ചതും ഇക്കാലത്താണ്. മുമ്പ് ആട്ടിപ്പായിച്ച സമൂഹം തന്നെ അവരെ അംഗീകരിച്ച് മുന്നേറുന്ന ഒരവസ്ഥയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, 24 x 7 ഹെല്‍പ്പ് ലൈന്‍ (ക്രൈസിസ് മാനേജ്‌മെന്റ് സെന്റര്‍) എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ട്രാന്‍സ്‌ജെന്‍ഡര്‍മാരെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. അതിന്റെ ഭാഗമായാണ് കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. ഇതിന് അന്തര്‍ദേശീയ തലത്തില്‍ തന്നെ അംഗീകാരം ലഭിച്ചു.
വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് നൈപുണ്യ പരിശീലനവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായവും നല്‍കി വരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കായി കായിക മേള സംഘടിപ്പിച്ചു. ഇവര്‍ക്കായി പ്രത്യേക കുടുംബശ്രീ യൂണിറ്റും തുടങ്ങി. പാതി വഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവര്‍ക്കായി തുടര്‍ വിദ്യാഭ്യാസ പരിപാടികളും ആവിഷ്‌കരിച്ചു വരുന്നു. ജീവിത പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്കായി ഷോര്‍ട്ട് സ്റ്റേ ഹോമും ആരംഭിച്ചു.
കേരളത്തില്‍ ഏകദേശം കാല്‍ ലക്ഷത്തോളം ട്രാന്‍സ്‌ജെന്‍ഡര്‍മാരുണ്ട്. അവരില്‍ പലരും മോശമായ സാഹചര്യത്തിലാണുള്ളത്. അതിനായി അവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡും വിതരണം ചെയ്തു വരുന്നു. സമൂഹത്തിന്റെ മനോഭാവം മാറണം. ഇവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ലിംഗ വ്യത്യാസത്തിന്റെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കില്ല. ഇവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാനും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പുവരുത്താനുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയത്.
കൊച്ചി നഗരത്തില്‍ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി വരും. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കായി നടത്തി വരുന്ന വ്യത്യസ്ഥ പരിപാടികളുടെ സമന്വയമാണ് മഴവില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെടേണ്ടി വരില്ല മറിച്ച് മുഖ്യധാരയിലുള്ളവരാണെന്ന് കാട്ടിക്കൊടുത്തു.
കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികോപഹാരമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതി ആവിഷ്‌കരിച്ചത്. സ്ത്രീകള്‍ക്ക് നേരെയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാനാണ് സധൈര്യം മുന്നോട്ട് തുടങ്ങിയത്. വയോജന സംരക്ഷണത്തിനായാണ് സായംപ്രഭ പദ്ധതി സാക്ഷാത്ക്കരിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളാണ് ദേശീയ അവാര്‍ഡിന് അര്‍ഹമാക്കിയതെന്നും മന്ത്രി പറഞ്ഞു.
അതേസമയം മുഖ്യ മന്ത്രിയുടെ പ്രസംഗത്തിനിടെ ഭിന്നലിംഗം എന്ന പ്രയോഗം വന്നപ്പോൾ സദസ്സിൽ നിന്ന് എഴുന്നേറ്റ ട്രാൻസ്‍ജെൻഡർ ശീതൾ ശ്യാം 'ഭിന്ന ലിംഗം അല്ല സർ ട്രാൻസ്‌ജെൻഡർ' എന്ന് തിരുത്തി. അതിനുശേഷം ഭിന്നലിംഗക്കാർ എന്ന വാക്ക് മുഖ്യമന്ത്രി ഒഴിവാക്കി പകരം ട്രാൻസ്‌ജെൻഡർ എന്ന് ആവർത്തിച്ചതോടെ സദസ്സിൽ നിറഞ്ഞ കയ്യടിയായിരുന്നു.
മേയര്‍ വി.കെ.പ്രശാന്ത്, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., വനിതാ ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ് ഐ.എ.എസ്., സാമൂഹ്യനീതി ഡയറക്ടര്‍ പി.ബി.നൂഹ് ഐ.എ.എസ്., കൗണ്‍സിലര്‍ പാളയം രാജന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ട്രാന്‍സ്ജന്റര്‍ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്യാമ എസ്. പ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു. 1800 425 2147 എന്നതാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍.
https://www.facebook.com/Malayalivartha