കാരുണ്യ പദ്ധതിക്ക് ഒരു വയസ്, 10307 രോഗികള്‍ക്ക് 111 കോടിയുടെ സഹായം-മന്ത്രി കെഎം മാണി
കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം നിര്‍ധന രോഗികള്‍ക്ക് ചികിത്സാസഹായമായി നല്‍കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി ഒരു കൊല്ലം പിന്നിടുമ്പോള്‍ 10,307 രോഗികള്‍ക്ക് 110.62 കോടിയുടെ ചികിത്സാ സഹായം അനുവദിച്ചതായി ധനമന്ത്രി കെഎം മാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്.
2012 ഫെബ്രുവരി 26 നാണ് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി കാരുണ്യ ബെനവലന്റ് ഫണ്ട്‌് ഉദ്‌ഘാടനം ചെയ്യത്.
ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം ഹീമോഫീലിയ രോഗികള്‍ കാരുണ്യസഹായം അഭ്യര്‍ത്ഥിച്ചാല്‍ ഓരോ രോഗിക്കും പരമാവധി 2 ലക്ഷം വീതം അനുവദിക്കാന്‍ തീരുമാനിച്ചതായും മന്ത്രി കെഎം മാണി പറഞ്ഞു. പാരമ്പര്യ രോഗമായ ഹീമോഫീലിയക്ക് ഭാരിച്ച ചികിത്സാ ചെലവ് വേണ്ടി വരുന്നതു കൊണ്ടാണ് വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നത്. മറ്റ് രോഗങ്ങള്‍ക്ക് ഒരു കുടുംബത്തിന് പരമാവധി 2 ലക്ഷമാണ് അനുവദിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കുന്ന വൃക്കരോഗികള്‍ക്കുള്ള ചികിത്സാ പാക്കേജില്‍ പെരിറ്റോണിയല്‍ ഡയാലിസിസ് കൂടി ഉള്‍പ്പെടുത്തും. ഇതിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലൂടെ ലഭ്യമാക്കും.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കാരുണ്യ ഡയാലിസിസ് സെന്ററുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി കെഎം മാണി പറഞ്ഞു. ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും. ഓരോ സെന്ററിലും 10 ഡയാലിസിസ് മെഷീനുകള്‍ വീതുമുള്ള യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. ഓരോ യൂണിറ്റിനും 2.9 കോടി ചെലവ് പ്രതീക്ഷിക്കുന്നു.
അടിയന്തിരഘട്ടങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്ക് വിധേയരാകുന്ന രോഗികളുടെ അപേക്ഷ, സര്‍ജറി കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ സ്വീകരിക്കുന്നതാണ്.
ഈ സമയപരിധിയില്‍ ഓഫീസ് അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവര്‍ത്തി ദിവസം അപേക്ഷിച്ചാല്‍ മതി. അടിയന്തിര ശസ്‌ത്രക്രിയയാണെല്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്. ശസ്‌ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്-മന്ത്രി കെഎം മാണി പറഞ്ഞു.
https://www.facebook.com/Malayalivartha