ഗണേഷ്‌കുമാറിന് മംഗളം പാടേണ്ടിവന്നത് മംഗളമോ? മന്ത്രിസ്ഥാനം കളഞ്ഞതിന്റെ ക്രഡിറ്റുമായി മംഗളം ദിനപത്രം
ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം കളഞ്ഞതിന്റെ ക്രഡിറ്റുമായി മംഗളം പത്രം. അധികാര സ്ഥാനങ്ങളിലെ അഴിമതിക്കും അധാര്‍മികതയ്‌ക്കുമെതിരേ മംഗളം ദിനപത്രം നടത്തുന്ന പോരാട്ടത്തിന്റെ തീജ്വാലയില്‍ ചിറകറ്റുവീണ മന്ത്രിയായാണ് ഗണേഷ് കുമാറിനെ മംഗളം തന്നെ വിശേഷിപ്പിക്കുന്നത്. മംഗളം ദിനപത്രമാണ് ഗണേഷ്‌കുമാറിന് അടികിട്ടിയ വിവരം ലോകത്തെ അറിയിച്ചത്. മന്ത്രിമാരില്‍ ഒരാള്‍ക്ക് കാമുകിയുടെ ഭര്‍ത്താവില്‍ നിന്നും കണക്കിന് കിട്ടിയെന്ന്. സംഗതി ഹോട്ടാണ്. ആര്‍ക്കോ വേണ്ടി പ്രസിദ്ധീകരിച്ച പെയ്‌ഡ് ന്യൂസ് എന്നു പോലും മംഗളത്തെ പലരും അധിക്ഷേപിച്ചിരുന്നു.
എങ്കിലും ആരാണ് കല്യാണ സൗഗന്ധികത്തിനായി പോയതെന്നായി മലയാളി. 20 മന്ത്രിമാരേയും സംശയിക്കേണ്ട സ്ഥിതി. രക്ഷകനായ പി.സി. ജോര്‍ജ് ഒരിക്കല്‍ക്കൂടി രംഗത്തെത്തി. ഇരുപത് പേര്‍ സംശയിക്കുന്നതിനേക്കാള്‍ നല്ലതല്ലേ യഥാര്‍ത്ഥ താരം ആരെന്നറിയുന്നത്.
പി.സി.യുടെ വെളിപ്പെടുത്തല്‍ മന്ത്രിക്ക് ക്ഷീണമായി. പി.സി.യ്‌ക്കെതിരെ കേസുകൊടുക്കുമെന്നായി. അതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. പി.സി. ഉറപ്പിച്ചുപറയുകയും വേണ്ടിവന്നാല്‍ തെളിവുകളും നല്‍കാമെന്നായതോടെ ഈ വിഷയത്തെപ്പറ്റി പഠിക്കാനായി പ്രതിപക്ഷവും രംഗത്തെത്തി.
എന്നാല്‍ മുഖ്യമന്ത്രിയാവട്ടെ ഇതൊരു കുടുംബ പ്രശ്‌നമായി കണ്ട് യാമിനിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. അതോടെ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ തിരുവനന്തപുരത്തേയും ചെന്നയിലേയും വീടുകളും, 75 ലക്ഷം രൂപയും മക്കള്‍ക്ക് നല്‍കി വിവാഹ മോചനം നേടാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തന്റെ പേരില്‍ എഴുതിക്കൊടുക്കണമെന്ന് യാമിനി ആവശ്യപ്പെട്ടത് ഗണേഷ്‌കുമാര്‍ അംഗീകരിച്ചില്ല. അങ്ങനെയാണ് സ്വന്തം നിലയില്‍ വിവാഹ മോചനത്തിന് ശ്രമിച്ചതും ഭാര്യ തല്ലിയ ഫോട്ടോ പത്രങ്ങള്‍ക്ക് നല്‍കിയതും.
അതതോടെ യാമിനി പത്രക്കാരുടെ മുന്നിലെത്തുകയും മുഖ്യമന്ത്രിക്കും പോലീസിനും പരാതി കൊടുക്കുകയും ചെയ്‌തതോടെ ഗണേഷ്‌കുമാറിന് മന്ത്രി സ്ഥാനവും പോയി.
യാമിനിയുടെ പത്രസമ്മേളനത്തോടെ മംഗളത്തിന്റെ നിലപാട് ശരിയായിരുന്നു എന്നാണ് മംഗളം അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha