ഗണേഷിനെ മുഖ്യമന്ത്രി പുറത്താക്കിയത്: അധികം കളിച്ചാല്‍ എം.എല്‍.എ സ്ഥാനവും നഷ്ടമാകും: പി.സി ജോര്‍ജിന് ഗണേഷിനെതിരെ ഗൂഢാലോചന നടത്തേണ്ട കാര്യമില്ല-ബാലകൃഷ്‌ണ പിള്ള
കെ.ബി.ഗണേഷ് കുമാര്‍ രാജിവെച്ചതല്ലെന്നും വേറെ വഴിയില്ലാത്തതിനാല്‍ മുഖ്യമന്ത്രി പുറത്താക്കിയതാണെന്നും കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്‌ണപിള്ള. മന്ത്രി സ്ഥാനം രാജിവെച്ച സ്ഥിതിക്ക് പാര്‍ട്ടിയ്‌ക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇനി മന്ത്രി സ്ഥാനം ആവശ്യമില്ലെന്നും ബലകൃഷ്‌ണ പിള്ള തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഗണേഷിന്റെ കീഴില്‍ ഉണ്ടായിരുന്ന വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കാതെ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.സി ജോര്‍ജിന് ഇതിന്റെ പിന്നില്‍ ഗൂഢാലോചന നടത്തേണ്ട കാര്യമില്ലെന്നും പി.സി ജോര്‍ജിനെ കുറ്റം പറഞ്ഞത് ശരിയായില്ലെന്ന് ഇനിയെങ്കിലും അംഗീകരിക്കുകയാണ് ഗണേഷ് ചെയ്യേണ്ടതെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു. പി.സി ജോര്‍ജിനെ പ്രകോപിപ്പിച്ചു കൂടുതല്‍ കാര്യങ്ങള്‍ പറയിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ സംബന്ധിച്ച് ഗണേഷ് 5 രൂപ മെമ്പര്‍ മാത്രമാണ്. സമനില തെറ്റിയാണ് താനാണ് പാര്‍ട്ടിയെന്ന് ഗണേഷ് പറയുന്നത്. പാര്‍ട്ടിയോട് പൊരുതാനാണ് തീരുമാനമെങ്കില്‍ എം.എല്‍.എ സ്ഥാനം കൂടി നഷ്ടമാകും. ആവശ്യമെങ്കില്‍ പത്തനാപുരത്ത് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ കണ്ടുവെച്ചിട്ടുണ്ട്. എന്നാല്‍ അത് താനല്ലെന്നും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താന്‍ ഇല്ലെന്നും ബാലകൃഷ്‌ണ പിള്ള വ്യക്തമാക്കി. കുടിയാന്‍മാരായിട്ടാണ് കേരള കോണ്‍ഗ്രസ് -ബിയെ കാണുന്നതെന്നും ജന്‍മി-കുടിയാന്‍ സംവിധാനമാണ് യുഡിഎഫില്‍ ഉള്ളതെന്നും പിള്ള കുറ്റപ്പെടുത്തി. ഗണേഷ് കുറ്റവിമുക്തനായി വന്നാല്‍ മന്ത്രിസ്ഥാനം നല്‍കണമെന്ന ഒരു നേതാവിന്റെ അഭിപ്രായപ്രകടനത്തെയും പിള്ള ചോദ്യം ചെയ്‌തു. അക്കാര്യം അവിടെ നിക്കട്ടെയെന്നായിരുന്നു പിള്ളയുടെ വാക്കുകള്‍.
ഗണേഷ് ഭരിച്ച വകുപ്പുകളില്‍ ഉമ്മന്‍ചാണ്ടി അഴിച്ചുപണി നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് അനുവദിച്ച ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും തന്നിഷ്‌ടപ്രകാരമാണ് ഗണേഷ് ആളുകളെ നിയമിച്ചിരിക്കുന്നത്. സംസ്‌കാരിക നിലവാരമില്ലാത്ത ആളുകള്‍പോലും ഇക്കൂട്ടത്തില്‍ ഉണ്ട്. സ്വത്തുക്കള്‍ സ്വയം അധ്വാനിച്ചുണ്ടാക്കിയതാണെന്ന ഗണേഷിന്റെ അവകാശവാദത്തെയും പിള്ള പരിഹസിച്ചു. ഗണേഷ് ഇപ്പോഴുപയോഗിച്ചുകൊണ്ടിരിക്കുന്ന ചില കാറുകള്‍ പോലും താന്‍ വാങ്ങി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha