ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക് അനുവദിച്ച പരോള്‍ മദ്രാസ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് നീട്ടി
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക് അനുവദിച്ച പരോള്‍ മദ്രാസ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് നീട്ടി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നളിനിക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചിരുന്നു. 30 ദിവസത്തേക്ക് കൂടി പരോള്‍ നീട്ടണമെന്ന് നളിനി ആവശ്യപ്പെട്ടിരുന്നു.
മകളുടെ വിവാഹ ഒരുക്കം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നാണ് കാരണമായി പറഞ്ഞത്. എന്നാല്‍, ഇത് നിരസിച്ച കോടതി മൂന്ന് ആഴ്ചത്തേക്ക് കൂടി പരോള്‍ നീട്ടുകയായിരുന്നു. 1991 മുതല്‍ 28 വര്‍ഷമായി നളിനി ജയിലിലാണ്.
കഴിഞ്ഞ വര്‍ഷം പിതാവ് ശങ്കരനാരായണന്റെ സംസ്കാര ചടങ്ങിനാണ് ഇതിന് മുമ്പ് ഒരു ദിവസത്തെ പരോള്‍ കിട്ടിയത്. രാജീവ്ഗാന്ധി വധക്കേസില്‍ ഇതേ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്ന മുരുകന് എന്ന ശ്രീഹരനാണ് ഭര്‍ത്താവ്. ജയിലിലടക്കപ്പെടുമ്പോള്‍ നളിനി ഗര്‍ഭിണിയായിരുന്നു. ചെങ്കല്‍പട്ട് ഗവ. ആശുപത്രിയിലാണ് മകളെ പ്രസവിച്ചത്.
പിന്നീട് നാലുവര്‍ഷം മകള്‍ നളിനിക്കൊപ്പം ജയിലില്‍ കഴിഞ്ഞു. 2005 മുതല്‍ ലണ്ടനില്‍ ബന്ധുക്കളുടെ സംരക്ഷണത്തില്‍ കഴിയുന്ന മകള്‍ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം നളിനി ഉള്‍പ്പെടെ കേസിലെ ഏഴു പ്രതികളെ വിട്ടയക്കാമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ ശിപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലാണ്. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജീവപര്യന്തമാക്കിയത്.
https://www.facebook.com/Malayalivartha