മലയാളി വാര്‍ത്ത.
26/11 ആക്രമണക്കേസിലെ മുഖ്യപ്രതി അജ്‌മല്‍കസബിനെ തൂക്കിക്കൊന്നു. അതീവ രഹസ്യമായാണ് കസബിന്റെ വധശിക്ഷ നടപ്പാക്കിയത്. പിന്നീട് ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. കസബിനെ തൂക്കിലേറ്റിയതായി മുംബൈ ആക്രമണക്കേസിന് വേണ്ടി ഹാജരായിരുന്ന സ്ലെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഉജ്വല്‍ നിഗമും സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ഏഴരയ്‌ക്ക് പൂനെയിലെ യേര്‍വാഡ ജയിലിലായിരുന്നു കസബിനെ വധിച്ചത്.
നാല് വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കസബിനെ വധിച്ചത്. കസബിന്റെ ദയാഹര്‍ജി ഇക്കഴിഞ്ഞ അഞ്ചിന് രാഷ്‌ട്രപതി പ്രണബ്‌കുമാര്‍ മുഖര്‍ജി തളളി. തുടര്‍ന്ന് രണ്ടാഴ്‌ചയ്‌ക്കകം കസബിന്റെ ശിക്ഷ നടപ്പാക്കണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നീട് ഇയാളെ യേര്‍വാഡ ജയിലിലേക്ക് മാറ്റി.
26/11 ആക്രമണത്തിലെ ഇരകള്‍ക്കും രക്തസാക്ഷികള്‍ക്കുമുളള ശ്രേഷ്‌ഠമായ ആദരവാണ് കസബിന്റെ വധശിക്ഷയെന്ന് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍.പാട്ടീല്‍ പ്രതികരിച്ചു.
കസബിന്റെ വധശിക്ഷ ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം കത്തിലൂടെ പാകിസ്ഥാനെ അറിയിച്ചെങ്കിലും കത്ത് പാകിസ്ഥാന്‍ സ്വീകരിച്ചിട്ടില്ല.
166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ നാലാംവാര്‍ഷികത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കയാണ് കസബിന്റെ വധശിക്ഷ നടപ്പാക്കിയതെന്നതും ശ്രദ്ധേയമാണ്