ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കാര്‍ഷികമേഖലയ്‌ക്ക് ഉണര്‍വു പകരണം
ദേശീയ തൊഴിലുറപ്പു പദ്ധതിയിലൂടെ തൊഴിലെടുക്കുവാന്‍ സന്നദ്ധതയുള്ള എല്ലാവര്‍ക്കും ഗ്രാമീണ മേഖലയില്‍ തൊഴില്‍ നല്‌കുന്നതിനു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുകയും ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതിനു സംസ്ഥാന സര്‍ക്കാരുകള്‍ക്കു സാമ്പത്തികസഹായം നല്‌കുകയും ചെയ്യുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഈ പദ്ധതിയുടെ കീഴില്‍ ആയിരങ്ങള്‍ക്കു തൊഴില്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതിനുവേണ്ടി മുടക്കുന്ന പണംകൊണ്ടു രാജ്യത്തിന്റെ സമ്പദ്‌ഘടനയില്‍ വരുത്തുവാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളെപ്പറ്റിയും ഇപ്പോള്‍ ഈ പദ്ധതിയുടെ പ്രയോജനം എന്താണെന്നും വിചിന്തനം ചെയ്യുന്നതിനുള്ള സമയമായിരിക്കുകയാണ്.
നമ്മുടെ ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഗ്രാമങ്ങളില്‍ നിന്നും തൊഴിലന്വേഷിച്ചു പട്ടണങ്ങളിലേക്കും നഗരപ്രദേശങ്ങളിലേക്കുമുള്ള പലായനം തടയുന്നതിനും വേണ്ടിക്കൂടിയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക വഴി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ അടിത്തറ ഉറപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യംവയ്‌ക്കുന്നു.
കാര്‍ഷികമേഖലയുടെ ഉന്നതിയിലൂടെ മാത്രമേ നമ്മുടെ രാജ്യത്തു സുസ്ഥിരമായ സാമ്പത്തിക പുരോഗതി കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നു മനസ്സിലാക്കിയതുകൊണ്ടാണ് ഇത്തരത്തിലുള്ള ബ്രഹത് പദ്ധതിയ്‌ക്കു രൂപംകൊടുത്തതു തന്നെ.
കേരളത്തിലും ദേശീയ തൊഴിലുറപ്പു പദ്ധതി വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴില്‍ ആവശ്യമുള്ളവരെ രജിസ്റ്റര്‍ ചെയ്‌ത് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാക്കി തൊഴില്‍ നല്‌കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ പദ്ധതിയനുസരിച്ചു ചെയ്‌തുകൊണ്ടിരുന്ന ജോലികളില്‍ 90 ശതമാനവും രാജ്യപുരോഗതിയുമായി ബന്ധപ്പെടുത്തുവാന്‍ കഴിയാത്തതാണെന്നുളളതാണു നാം നേരിടുന്ന പ്രധാന വിഷയം. പണം ചിലവഴിക്കുന്നതിനുവേണ്ടി മാത്രമുള്ള ഒരു കായികാധ്വാന രീതിയായും ആനുകൂല്യങ്ങള്‍ കിട്ടുന്നതിനുവേണ്ടി മാത്രമുള്ള ഒരു സംരംഭമായും മാറ്റി ഈ പദ്ധതിയുടെ അന്തസ്സത്ത കളയുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ കാര്‍ഷിക മേഖലയെ ഏതെങ്കിലും തരത്തില്‍ നല്ല ഫലങ്ങളിലൂടെ സ്വാധീനിക്കാന്‍ കഴിയുന്ന വളരെ കുറച്ചു ജോലികള്‍ മാത്രമേ ഈ പദ്ധതിയിലൂടെ നടക്കുന്നുള്ളൂ എന്നതാണു സത്യം. അടിസ്ഥാനപരമായി ഗ്രാമീണ, കാര്‍ഷിക മേഖലയില്‍ വളരെ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സഹായിക്കുന്ന ദേശീയ തൊഴിലുറപ്പു പദ്ധതി കേരളത്തില്‍ എത്തിയപ്പോള്‍ കേവലം `കല്ലിനു പുല്ലുപറിക്കലായി' മാറിക്കൊണ്ടിരിക്കുകയാണോ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ നിര്‍വചനാതീതമായി കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള കേരളീയരുടെ സാമര്‍ത്ഥ്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടി ഈ പദ്ധതി വഴി നാം കാണേണ്ടി വരും.
കേരളത്തില്‍ കാര്‍ഷിക മേഖല നേരിടുന്ന അടിസ്ഥാന പ്രശ്‌നം കാര്‍ഷിക ജോലികള്‍ ചെയ്യുന്നതിനുള്ള തൊഴിലാളികളുടെ ലഭ്യതക്കുറവാണ്. കൃഷിയിടങ്ങളില്‍ പണിയെടുക്കാന്‍ ആളില്ല എന്നതിലുപരി അതിനോടുള്ള വിമുഖതയാണു മറ്റൊരു പ്രശ്‌നം. സ്വന്തം നാട്ടിലോ, ഗ്രാമങ്ങളിലോ പണിയെടുക്കുന്നത് അഭിമാനക്ഷതമായതിനാല്‍ ഇരുപത്തിയഞ്ചും മുപ്പതും കിലോമീറ്ററുകള്‍ അകലെ കാര്‍ഷികേതര മേഖലകളില്‍ തൊഴിലെടുക്കുന്നതിനു മാത്രം താത്‌പര്യമുള്ള തൊഴിലാളികളെയാണു നാമിന്നു കാണുന്നത്. ഏകദേശം 50 വയസ്സിനു താഴെ പ്രായമുള്ള ഒരു തൊഴിലാളിയും കാര്‍ഷിക മേഖലയില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നില്ല. പെയിന്റിംഗ്, സെക്യൂരിറ്റി ഗാര്‍ഡ്‌സ് തുടങ്ങി ശീതീകരിച്ച വസ്‌ത്രാലയങ്ങളില്‍ വരെ തൊഴിലവസരങ്ങള്‍ ആവശ്യത്തിനുള്ളപ്പോള്‍ പരമ്പരാഗത കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുവാന്‍ ആരെ കിട്ടും? പഴയ തലമുറയില്‍പെട്ട ചുരുക്കം ചില തൊഴിലാളികള്‍ കാര്‍ഷിക മേഖലയോട് ആഭിമുഖ്യം പുലര്‍ത്തുന്നതൊഴിച്ചാല്‍ ആളൊഴിഞ്ഞു ജീര്‍ണിച്ച ഒരു തറവാടിന്റെ സ്ഥിതിയിലാണ് ഇന്നു കാര്‍ഷിക മേഖല എന്നതാണു സത്യം. ഈ പ്രതിഭാസത്തിന്റെ ഭീകരമായ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും ഗ്രാമീണ മേഖലയ്‌ക്ക് ആശ്വാസം പകരാന്‍ ദേശീയ തൊഴിലുറപ്പു പദ്ധതിക്കു കഴിയണം.
കാര്‍ഷിക വിഭവങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിക്കുമ്പോള്‍ അത് എന്തുകൊണ്ടാണെന്നു നാം ചിന്തിക്കാറില്ല. നിത്യോപയോഗ സാധനങ്ങള്‍ തനിയെ ചന്തയില്‍ എത്തിക്കൊള്ളുമെന്നും നാം പണവുമായി അവിടെ എത്തിയാല്‍ മതിയെന്നുമുള്ള നമ്മുടെ ധാരണ തെറ്റാണെന്നു പ്രകൃതി തന്നെ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പണമുണ്ടായാല്‍ മാത്രം മതി, മറ്റുള്ളവയെല്ലാം നമുക്കു ചുറ്റും വരുമെന്നാണു നാം കരുതുന്നത്. ഉത്‌പാദനക്ഷമത കൂടിയ ജനിതക വിത്തിനങ്ങള്‍ നമ്മുടെ ശാസ്‌ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. അത്തരം വിത്തുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ തര്‍ക്കമുള്ളൂ.
എന്നാല്‍, ഏതെങ്കിലും ഒരു കാര്‍ഷിക വിഭവം കൃത്രിമമായി ഉത്‌പാദിപ്പിക്കുവാന്‍ കഴിയാത്തിടത്തോളം കാലം കാര്‍ഷിക മേഖലയുടെ പവിത്രത നാം കൂടുതല്‍ അറിയേണ്ടതായിട്ടുണ്ട്. എത്ര പണം മുടക്കിയാലും ഭക്ഷ്യവസ്‌തുക്കള്‍ ലഭ്യമല്ലാത്ത ഒരവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ കഴിയുമോ? സംഭവിച്ചുകൂടാത്തതൊന്നുമല്ലിതെന്നു നെമ്മ മനസ്സിലാക്കി തരുന്നതിനു വേണ്ടി ചിലതൊക്കെ സംഭവിക്കാറുണ്ടല്ലോ. ഉദാഹരണത്തിന് ഉള്ളിയുടെയും സേവാളയുടെയും വെളിച്ചെണ്ണയുടെയും മറ്റും വിലവര്‍ധനകള്‍ തന്നെ.
ഇന്‍ഫോ പാര്‍ക്കുകളും സ്‌മാര്‍ട്‌സിറ്റികളും വരുന്നതു വളരെ നല്ലതാണ്. അതിലൂടെ തൊഴിലസരങ്ങള്‍ വര്‍ധിക്കും എന്നതിന് ഒരു സംശയവും വേണ്ട. എന്നാല്‍, അതില്‍ തൊഴിലെടുക്കുന്നവര്‍ക്കു വിശപ്പടക്കാന്‍ സോഫ്‌റ്റുവെയറുകളും സിഡികളും പെന്‍ഡ്രൈവും മതിയാവില്ല. അതിനു പാടത്തു വിളയുന്ന നെല്ലും ഗോതമ്പും മറ്റു കാര്‍ഷിക വിളകളും തന്നെ വേണം. ഈ തിരിച്ചറിവു നമ്മുടെ ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഉണ്ടാവണം.
ഇന്നു കേരളത്തില്‍ ദേശീയ തൊഴിലുറപ്പു പദ്ധതി റോഡിലെ പുല്ലുചെത്തലും വിശ്രമവും കഴിച്ചാല്‍ ഉത്‌പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനോ കാര്‍ഷിക മേഖലയ്‌ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുന്നതിനോ അല്ല. ഈ നിലപാടില്‍ ഒരു മാറ്റം വന്നില്ലെങ്കില്‍ ഈ പദ്ധതി വഴി നമ്മുടെ നാടിനെ ഒരു വലിയ ആപത്തിലേക്കു നയിക്കുന്നതിനു മാത്രമേ കഴിയൂ. കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷക തൊഴിലാളികള്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കാര്‍ഷിക േമഖലയ്‌ക്ക് ഊര്‍ജം പകരാന്‍ ഉതകുന്ന രീതിയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പില്‍ വരുത്തണം. കാര്‍ഷിക മേഖലയില്‍ ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തണം.
ഗ്രാമീണ കൃഷിയിടങ്ങളില്‍ പണിയെടുക്കുമ്പോള്‍ അതിന്റെ പ്രയോജകരായ കൃഷിക്കാര്‍ ഒരു തൊഴിലാളിക്കു 100 രൂപാ ക്രമത്തില്‍ പഞ്ചായത്തില്‍ രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കുവാന്‍ വ്യവസ്ഥയുണ്ടാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പദ്ധതിയുടെ പ്രായോജകരാകുമ്പോള്‍ ഒരു തൊഴിലാളിക്ക് 25 രൂപാ ക്രമത്തില്‍ രജിസ്‌ട്രേഷന്‍ മുടക്കുകയും അങ്ങനെ നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഫണ്ട് എന്ന പേരില്‍ ഒരു ക്ഷേമനിധി സ്വരൂപിക്കുകയും ഈ തുക കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ചിലവിലേക്കായി മാറ്റിവയ്‌ക്കുകയും ചെയ്യണം. ഇത്തരത്തില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ കൃഷിക്കാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൂട്ടായ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലൂടെ നാടിനു പ്രയോജനം കിട്ടുന്ന രീതിയില്‍ ഈ പദ്ധതിയെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം. അതല്ലെങ്കില്‍ നമ്മുടെ കാര്‍ഷിക മേഖലയുടെ പതനത്തിലും കാര്‍ഷിക വിളകളുടെ ഭയാനകമായ ദൗര്‍ലഭ്യത്തിനും വഴിവയ്‌ക്കുന്നതിന് ഈ പദ്ധതി കാരണമാകും!
തരിശായി കിടക്കുന്ന പാടശേഖരങ്ങളുടെ വിസ്‌തൃതി വര്‍ധിക്കുന്നു. അതെല്ലാം റിയല്‍ എസ്റ്റേറ്റുകാരുടെ കൈകളില്‍ വന്നുചേരുവാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല. അതുപോലെ തന്നെ കേരളം മുഴുവന്‍ റബര്‍ വളര്‍ന്നാല്‍ നാം രക്ഷപ്പെട്ടു എന്നു നമ്മുടെ ഭരണാധികാരികള്‍ കരുതുന്നുണ്ടെങ്കില്‍ അത് അതിലും വലിയ ഭോഷത്തമായിരിക്കും. അങ്ങനെയായിരുന്നില്ലെങ്കില്‍ ഇന്നു ദുബായ് പോലുള്ള രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തികമാന്ദ്യം എന്തുകൊണ്ടു സംഭവിച്ചു? യൂറോപ്യന്‍ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്കു തൊഴില്‍ നഷ്‌ടപ്പെടുവാന്‍ കാരണമെന്താണ്? ഒരു സത്യം നാം മനസ്സിലാക്കണം.
സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങള്‍ പരസ്‌പര പൂരകങ്ങളാണ്. ഒന്നു മറ്റൊന്നിനു പകരമാവില്ല. വ്യവസായങ്ങള്‍ വളരുകയും വര്‍ധിക്കുകയും ചെയ്യുമ്പോള്‍ കാര്‍ഷിക മേഖലയുടെ ബാധ്യത കൂടുകയാണു ചെയ്യുന്നത്. കൂടുതല്‍ പേര്‍ക്കു കൂടുതല്‍ അളവില്‍ കൂടുതല്‍ മെച്ചമായിട്ട് ആഹാരം കൊടുക്കുന്നതിനുള്ള ബാധ്യത കാര്‍ഷിക മേഖലയില്‍ വന്നു ചേരും. അതിനു കഴിഞ്ഞില്ലെങ്കില്‍ നാണയപ്പെരുപ്പം ഉണ്ടാവുകയും സാധനങ്ങളുടെ വില വര്‍ധിക്കുകയും ചെയ്യും.
നാണയപ്പെരുപ്പം പുരോഗതിയുടെ ലക്ഷണമായി സാമ്പത്തികശാസ്‌ത്രം വിലയിരുത്താറുണ്ട്, കാരണം സാമ്പത്തിക പുരോഗതി വര്‍ധിക്കുന്നതനുസരിച്ചു ജനതയുടെ ക്രയവിക്രയശേഷി വര്‍ധിക്കുകയാണ്. ഇതുവഴി നിത്യോപയോഗ സാധനങ്ങള്‍ക്കു കൂടുതല്‍ പണം മുടക്കുന്നതിനും ആര്‍ഭാടസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനുമുള്ള ജനങ്ങളുടെ ഇച്ഛാശക്തിയും സാമ്പത്തികശേഷിയും മുമ്പത്തെക്കാള്‍ മെച്ചെപ്പടുന്നു. അതുവഴി ആവശ്യവും ഉപയോഗവും വര്‍ധിക്കും. ലഭ്യത കുറവായാല്‍ കച്ചവടക്കാര്‍ വില വര്‍ധിപ്പിക്കും. അവശ്യ സാധനങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും എല്ലാം തലവിധി ഇതായിരിക്കും.
ഇന്ത്യ കൈവരിച്ച സാമ്പത്തിക വളര്‍ച്ച കോര്‍പ്പറേറ്റു മേഖലയില്‍ മാത്രമാണെന്നു ചില സാമ്പത്തിക വിദഗ്‌ദ്ധര്‍ പറയുന്നുണ്ട്. ഈ പരാമര്‍ശത്തില്‍ അല്‌പം രാഷ്‌ട്രീയ ചുവ കൂടി ഇല്ലാതില്ല. കാരണം ഒരു നാടിന്റെ സാമ്പത്തികഘടനയില്‍ ഉണ്ടാകുന്ന മാറ്റം ഒരു കാരണവശാലും ഒരു മേഖലയില്‍ ഒതുങ്ങി നില്‌ക്കുന്നതല്ല. ഒരു മേഖലയുടെ സാമ്പത്തിക വളര്‍ച്ച മറ്റു മേഖലകളെ തീര്‍ച്ചയായും സ്വാധീനിക്കും എന്നതാണു യാഥാര്‍ത്ഥ്യം. കോര്‍പ്പറേറ്റു മേഖലയുടെ ചുവടു പിടിച്ചു മറ്റു മേഖലയിലെ ശമ്പളവും വേതനവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ഡോക്‌ടര്‍ക്കോ കിട്ടിക്കൊണ്ടിരുന്ന വേതനവും ഇന്നു കിട്ടുന്ന വേതനവും തമ്മില്‍ മാറ്റമുണ്ട്. അന്നത്തെ ഒരു കര്‍ഷക തൊഴിലാളിയുടെ വേതനവും ഇന്നുള്ളതും വ്യത്യസ്‌തമാണ്. ഇതെല്ലാം വിരല്‍ചൂണ്ടുന്നതു സാമ്പത്തിക പുരോഗതി ഏതെങ്കിലും ഒരു മേഖലയില്‍ ഒതുങ്ങി നില്‌ക്കുകയില്ല എന്നുള്ളതാണ്. പുരോഗതിയുടെ മാനദണ്ഡം അടിസ്ഥാന സൗകര്യ വികസനത്തില്‍ തുടങ്ങി കോര്‍പ്പറേറ്റു മേഖലയുടെ വളര്‍ച്ചയുടെ വ്യവസായിക പുരോഗതിയില്‍ എത്തുമ്പോള്‍ അതിനെ താങ്ങിനിര്‍ത്തേണ്ടതു കാര്‍ഷിക മേഖലയാണ് .
മറ്റു മേഖലകളുടെ വളര്‍ച്ചയ്‌ക്കൊപ്പം കാര്‍ഷിക പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ദുര്‍ബലമാകും. ഈ വസ്‌തുത മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യപുരോഗതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കും.
അതുകൊണ്ടു കാര്‍ഷിക മേഖലയ്‌ക്ക് ആശ്വാസം പകരാന്‍ കഴിവുള്ള പദ്ധതികളെ നിസ്സാരമാക്കി കാണുകയും ലാഘവബുദ്ധിയോടെ സമീപിക്കുകയും ചെയ്‌താല്‍ അതിന്റെ പരിണത ഫലങ്ങള്‍ക്കു നാം കണക്കു കൂട്ടുന്നതിലും വലിയ വില നല്‌േകണ്ടതായി വരും. ഈ വസ്‌തുതകള്‍ മനസ്സിലാക്കി ദേശീയ ഗ്രാമീണ െതാഴിലുറപ്പു പദ്ധതി കൂടുതല്‍ ഉത്‌പാദനക്ഷമമായി നടപ്പിലാക്കാന്‍ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇനിയും വൈകിക്കൂടാ.
https://www.facebook.com/Malayalivartha