മലയാളി വാര്‍ത്ത.
മറ്റ് മെട്രോകള്‍ തത്‌കാലം ഏറ്റെടുക്കാനാവില്ലന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി കമല്‍നാഥിനയച്ച കത്തില്‍ വ്യക്തമാക്കുന്നു. കൊച്ചി ഉള്‍പ്പടെയുള്ള മറ്റ് പദ്ധതികള്‍ ഏറ്റെടുക്കുന്നത് ഡല്‍ഹി മെട്രോക്ക് ദോഷകരമാണെന്നും കത്തില്‍ പറയുന്നു.
എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന അവസാന ചര്‍ച്ചകള്‍ക്ക് മുന്‍പുപുള്ള ഈ കത്ത് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
കൊച്ചി മെട്രോയുടേയും തിരുവനന്തപുരം-കോഴിക്കോട് മോണോ റയിലിന്റേയും നിര്‍മ്മാണ ചുമതല ഏറ്റെടുക്കാന്‍ ഡല്‍ഹി മെട്രോ കോര്‍പറേഷന് സാധിക്കില്ലന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
പദ്ധതി ഏറ്റെടുക്കാനായി പ്രതിരോധമന്ത്രി എ.കെ.ആന്റണി നീക്കങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായി ഇക്കാര്യം ചര്‍ച്ച നടത്തിയിരുന്നു.
ഈ പദ്ധതികളുടെ നിര്‍മ്മാണ ചുമതല ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.